ഗണേശ ചതുര്‍ത്ഥി മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രത്യേക സമ്മേളനം?; സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്; അജണ്ടയെ കുറിച്ച് ധാരണയില്ലെന്ന് സോണിയ ഗാന്ധി

സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 18ന് പഴയ കെട്ടിടത്തില്‍ സമ്മേളനം ആരംഭിക്കുമെന്നും എന്നാല്‍ ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച്, 19ന് പുതിയ പാര്‍ലമെന്റ് ഹൗസിലേക്ക് മാറുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.

862 കോടി രൂപ ചിലവഴിച്ച് 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണികഴിപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭയിലെ 888 എംപിമാര്‍ക്കും രാജ്യസഭയിലെ 300 എംപിമാര്‍ക്കുമുള്ള ഇരിപ്പടം തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. ഹൈന്ദവ സന്യാസിമാരെ വിളിച്ചു ചേര്‍ത്തുള്ള പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അജണ്ടയൊന്നും പട്ടികപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് കൂടിയാലോചിക്കാതെയാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് യാതൊരു ധാരണയുമില്ല. സമ്മേളനം നടക്കുന്ന അഞ്ച് ദിവസവും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും സോണിയ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.

സമ്മേളനത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്‍, വനിതാ സംവരണ ബില്‍, എന്നിവ പ്രാബല്യത്തില്‍ കൊണ്ടുവരുവാനുള്ള സര്‍ക്കാര്‍ നീക്കം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റാനുള്ള പ്രമേയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.