യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്പി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തു; വീഡിയോ പുറത്ത്

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. യുപിയിലെ ബന്ദിയ നിയോജകമണ്ഡലത്തിലെ ലാലാ ബസാറിലാണ് സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ ലാലാ ബസാറിലുള്ള ഓഫീസിന് മുന്നിലാണ് ആളുകള്‍ക്ക് പരസ്യമായി പണം വിതരണം ചെയ്തത്.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അറിയിച്ച് എതിര്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

ഓഫിസിന് മുകളില്‍ നിന്ന് പടികളിലൂടെ താഴേക്ക് ഇറങ്ങി വരുന്നവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത്.

പണം നല്‍കി പൗരന്മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മാഫിയകളുടെ പാര്‍ട്ടിയാണ് എസ്.പി എന്ന് ബി.ജെ.പി നേതാവ് രാകേഷ് ത്രിപാഠി ആരോപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 10ന് പൂര്‍ത്തിയായി. നാളെയാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.