സോണിയാ ഗാന്ധി രാജ്യസഭയിലേക്ക്, പ്രഖ്യാപനം ഉടൻ; റായ്ബറേലിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നും റിപ്പോർട്ട്

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്കെത്താൻ സാധ്യതെയെന്ന് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങളുള്ള സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ രാജസ്ഥാനിൽ ഒഴിവുവരുന്ന സീറ്റിൽ നിന്ന് രാജ്യസഭയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ സോണിയയുടെ മണ്ഡലമായ യുപിയിലെ റായ്ബറേലിയിൽ നിന്ന് പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

2006 മുതൽ സോണിയയാണ് ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ എഴുപത്തിയേഴുകാരിയായ സോണിയ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2019ൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നിട്ടും രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റിട്ടും റായ്ബറേലി നിലനിർത്താൻ സോണിയക്കു കഴിഞ്ഞിരുന്നു.

റായ്ബറേലിയിൽ നിന്ന് മത്സരിച്ചാൽ പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പാകുമിത്. 1950 ൽ പ്രിയങ്കയുടെ മുത്തച്ഛൻ ഫിറോസ് ഗാന്ധിയിൽ തുടങ്ങി റായ്ബറേലി കോൺഗ്രസിന്റെ സീറ്റാണ്. 2019 ജനുവരിയിൽ ഔപചാരികമായി രാഷ്ട്രീയപ്രവേശം നടത്തിയ പ്രിയങ്ക ആ വർഷം വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കുമെന്ന്‌ കരുതിയിരുന്നെങ്കിലും അവസാനനിമിഷം പിന്മാറിയിരുന്നു.

ഈ മാസം 27നാണ് 15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരം. കോൺഗ്രസിൽ നിന്ന് മനു അഭിഷേക് സിങ്‍വി, അജയ് മാക്കൻ, അഖിലേഷ് പ്രസാദ് സിങ് എന്നിവർക്ക് സീറ്റു കിട്ടാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.