രാഷ്ട്രപതി ഒപ്പുവച്ചു, വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ റദ്ദായി

ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരം പൂർണ്ണ വിജയം കൈവരിച്ചു. ശീതകാലസമ്മേളനം പാസ്സാക്കിയ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.

Read more

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. എന്നാൽ രാജ്യവ്യാപകമായ പ്രതിഷേധമാണ് നിയമത്തിനെതിരെ വന്നത്. കർഷകരുടെ സമരത്തെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാറിന് കഴിയാതിരുന്നത് വലിയ തിരച്ചടിയായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വൻ പരാജയം മുന്നിൽ കണ്ടതോടെ വിവാദ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.