ഡിജിറ്റൽ 'പിച്ചി'ലിറങ്ങി സിദ്ദു; പഞ്ചാബിൽ കോൺഗ്രസിന്റെ ഓൺലൈൻ പ്രചാരണത്തിന് തുടക്കം

കൊറോണ വൈറസ് കേസുകളുടെ വർദ്ധനയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 15 വരെ പൊതുറാലികൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ, പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണം ആരംഭിച്ചു.

ഇതിന്റെ പ്രാധാന്യത്തിനും വോട്ടർമാരുമായുള്ള ഓൺലൈൻ ആശയവിനിമയത്തിനും തന്റെ പാർട്ടി ഇതിനകം ഊന്നൽ നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും ഉയർന്ന ഡിജിറ്റൽ കാഴ്ചപ്പാട് പഞ്ചാബ് കോൺഗ്രസിനാണെന്നും സിദ്ദു അവകാശപ്പെട്ടു.

“ജനുവരി 15 വരെ, നിങ്ങൾ വാട്ട്‌സപ്പും മറ്റും വഴി പ്രചാരണം നടത്തണമെന്ന നിർദ്ദേശങ്ങൾ വളരെ വ്യക്തമാണ്.” തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിന് മുമ്പ് താൻ 40 മുതൽ 50 വരെ റാലികളെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

“15 ന് ശേഷം കാര്യങ്ങൾ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാര്യങ്ങൾ കൂടുതൽ വഷളായാൽ സഹിക്കുകയെ നിർവാഹമുള്ളൂ. ഈ കടമ്പ കടക്കണം. ജീവന് പ്രാധാന്യം നൽകണം”, അദ്ദേഹം പറഞ്ഞു.