സിദ്ദു മൂസെവാലയുടെ കൊലപാതകം; ഗുണ്ടാസംഘവുമായി ഏറ്റുമുട്ടല്‍, രണ്ട് പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട രണ്ട് ഗുണ്ടാ സംഘങ്ങളുമായി പഞ്ചാബ് പൊലീസ് ഏറ്റുമുട്ടി. തുടര്‍ന്ന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മന്‍പ്രീത് മന്നുവും കൊല്ലപ്പെട്ടു.

പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ ടാസ്‌ക് ഫോഴ്സ് ജഗ്രുപ് സിങ് രൂപയെയും മന്‍പ്രീത് സിങ്ങിനെയും (മന്നു കുസ്സ) പിടികൂടിയിരുന്നു. ഏറ്റിമുട്ടലിനിടെ 3 പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഭക്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ 5 മണിക്കൂറോളം നീണ്ടു. എകെ 47, പിസ്റ്റള്‍ എന്നിവ ഗുണ്ടാസംഘങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. പ്രതികള്‍ അതിര്‍ത്തിയില്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് എത്തിയതെന്ന് ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സിലെ എഡിജിപി പ്രമോദ് ബാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയിലാണ് മൂസെവാല വെടിയേറ്റ് മരിച്ചത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവന്‍ ഗോള്‍ഡി ബ്രാര്‍ ഫെയ്സ്ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലോറന്‍സ് ബിഷ്ണോയി വഴിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇത് കഴിഞ്ഞ വര്‍ഷം അകാലി നേതാവ് വിക്കി മിദ്ദുഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണെന്നും വ്യക്തമാക്കിയിരുന്നു.