കര്‍ണാടകയിലെ 20 സീറ്റുകളില്‍ വിജയിക്കും; ലോകസഭയില്‍ പ്രകടനം മെച്ചപ്പെടുത്തും; ജെഡിഎസ് ശൂന്യമാകാതിരിക്കാനാണ് ബിജെപിയുമായി കൈകോര്‍ത്തതെന്ന് സിദ്ധരാമയ്യ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുറഞ്ഞത് 20 സീറ്റെങ്കിലും കര്‍ണാടകയില്‍ നേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് കണ്ട് ബിജെപി.നേതാക്കള്‍ 28 സീറ്റും നേടുമെന്ന് കള്ളം പറയുകയാണ്. ജില്ലാ തലത്തിലുള്ള നേതാക്കള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ പരിശോധിച്ചശേഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. ഏതെങ്കിലുംമന്ത്രിമാരുടെ പേര് നിര്‍ദേശിച്ചാല്‍ അവര്‍ക്കും ടിക്കറ്റ് നല്‍കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ജെഡിഎസിലെ പല എംഎല്‍എമാരും രാജിവെക്കാന്‍ ഒരുങ്ങിയതിനാലാണ് ബിജെപിയുമായി കൈകോര്‍ക്കാന്‍ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ നിര്‍ബന്ധിക്കപ്പെട്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജെഡിഎസ്. ശൂന്യമായി പോകുന്നത് തടയാന്‍ നാടകം കളിച്ചതാണ് ദേവഗൗഡ. 2018-ലെ തിരഞ്ഞെടുപ്പില്‍ 37 സീറ്റ് ലഭിച്ച ജെഡിഎസിന് 2023-ല്‍ 19 സീറ്റേ ലഭിച്ചുള്ളൂ.

18 സീറ്റ് നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ പല എം.എല്‍.എ. മാരും രാജിവെക്കാന്‍ തയ്യാറെടുത്തു. ഇതോടെ ബി.ജെ.പി.യുമായി സഹകരിക്കാന്‍ ദേവഗൗഡ നിര്‍ബന്ധിതനാവുകയായിരുന്നു.

അടുത്ത ജന്മത്തില്‍ മുസ്ലിമായി ജനിക്കാന്‍ ഒരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ച ദേവഗൗഡ ഇപ്പോള്‍ ബിജെപി യുമായി സഖ്യത്തിലായി. ദേവഗൗഡ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേരില്‍ നിന്ന് സെക്കുലര്‍ എന്ന വാക്ക് മാറ്റണമെന്നും സിദ്ധരാമയ്യ പറഞ്ഞു.