'പ്രതിപക്ഷത്തിന്റെ ആവശ്യം സ്വീകരിച്ചതിൽ സന്തോഷം, ജാതി സെൻസസ് എന്ന് നടപ്പാക്കുമെന്ന് വ്യക്തമാക്കണം'; രാഹുൽ ഗാന്ധി

ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമായ നടപടിയാണെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ ആവശ്യത്തെ എതിർത്തിരുന്ന ബിജെപി സർക്കാർ ആശയം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ രാഹുൽ സെൻസസ് നീട്ടിക്കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു. സെൻസസിനായി ബജറ്റുവിഹിതം അനുവദിച്ച് തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ജാതി സെൻസസ് കോൺഗ്രസിന്റെ ദർശനമായിരുന്നുവെന്നും അവർ അത് സ്വീകരിച്ചതിൽ തങ്ങൾക്കു സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സെൻസസിൽ എന്തുചോദിക്കും എന്നത് പ്രധാനമാണ്. ജനങ്ങൾക്കാവശ്യമായ ചോദ്യങ്ങളാണ് വേണ്ടത്, ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളല്ല എന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് ജാതി സെൻസസിനായി രൂപരേഖ തയ്യാറാക്കണം. അതിനായി കേന്ദ്ര സർക്കാരിനെ സഹായിക്കാം. ഇത് ഇന്ത്യയിലെ ജനങ്ങളുടെ ഇഷ്ടമാണ്, മോദി സർക്കാരിന് അത് പിന്തുടരുകയല്ലാതെ മറ്റ് മാർഗമില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതോടൊപ്പം രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം കൊണ്ടുവരാൻ തയ്യാറാകണം. സ്വകാര്യ വിദ്യാഭ്യാസത്തിൽ സംവരണം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 15(5) പൂർണ്ണമായും നടപ്പിലാക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇത്രയും കാലം കേന്ദ്ര സർക്കാർ ജാതി സെൻസസിനെ എതിർത്തത് എന്തിനെന്ന് മനസിലാകുന്നില്ല. ദളിത് പിന്നാക്ക വിഭാഗങ്ങക്കൾക്കുള്ള 50 ശതമാനം സംവരണ പരിധിയെന്ന തടസം നീക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നിരന്തരം പ്രയോഗിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ ആയുധമാണ് ജാതി സെൻസസ്. ഇനിയും ജാതി സെൻസസ് വൈകിപ്പിച്ചാൽ ജാതി രാഷ്ട്രീയ സങ്കീർണതകൾ നിറഞ്ഞു നിൽക്കുന്ന ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കം.