ജമ്മു കശ്മീര്‍ സന്ദർശിക്കാൻ 27 യൂറോപ്യൻ യൂണിയൻ എം.പിമാർ; വ്യക്തമായ കാഴ്ചപ്പാട് നൽകണമെന്ന് സംഘത്തോട് മോദി

ജമ്മു കശ്മീർ സന്ദർശനത്തിന് മുന്നോടിയായി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഒരു കൂട്ടം എംപിമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. അവരുടെ സന്ദർശനം മേഖലയുടെ വികസന, ഭരണ മുൻഗണനകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നൽകണമെന്ന് മോദി പറഞ്ഞു.

ഇരുപത്തിയേഴ് യൂറോപ്യൻ യൂണിയൻ എംപിമാർ നാളെ ജമ്മു കശ്മീരിലേക്ക് പറക്കും. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അന്തരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്ത്യയിലേക്കുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുന്നതിനിടെ ജമ്മു കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർക്ക് ഫലപ്രദമായ സന്ദർശനം നടത്താനാകുമെന്ന പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജമ്മു കശ്മീർ സന്ദർശനം പ്രദേശത്തിന്റെ വികസന, ഭരണ മുൻ‌ഗണനകളെ കുറിച്ച് പ്രതിനിധി സംഘത്തിന് വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതിന് പുറമെ. ജമ്മു കശ്മീർ-ലഡാക്ക് മേഖലയിലെ സാംസ്കാരികവും മതപരവുമായ വൈവിദ്ധ്യത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.