യു.പി, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശിവസേന മത്സരിക്കും: സഞ്ജയ് റാവത്ത്

അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിലും ഗോവയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും പടിഞ്ഞാറൻ യുപിയിലെ കർഷക സംഘടനകൾ തന്റെ പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് ഞായറാഴ്ച പറഞ്ഞു.

ശിവസേന യുപിയിൽ (403 അംഗ നിയമസഭ) 80 മുതൽ 100 വരെ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗോവ നിയമസഭയിൽ 20 സീറ്റുകളിൽ മത്സരിക്കും മൊത്തം 40 സീറ്റുകളാണ് ഗോവ നിയമസഭയിൽ).

“പടിഞ്ഞാറൻ യുപിയിലെ കർഷക സംഘടനകൾ ശിവസേനയെ പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു, ഞങ്ങൾ ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കാം. ഗോവയിൽ, എംവിഎ (മഹാ വികാസ് അഘാദി) പോലുള്ള ഒരു സൂത്രവാക്യം പരീക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, വിജയിക്കുമോ എന്ന് നമുക്ക് നോക്കാം,” രാജ്യസഭാംഗം സഞ്ജയ് റാവത്ത് പറഞ്ഞു.

ഈ രണ്ട് സംസ്ഥാനങ്ങളിലും ശിവസേനയ്ക്ക് കേഡർമാരുണ്ടെന്നും വിജയപരാജയങ്ങൾ കണക്കിലെടുക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിൽ തർക്കമുണ്ടായതിനെത്തുടർന്ന് ശിവസേന ദീർഘകാല സഖ്യകക്ഷിയായ ബിജെപിയുമായി ബന്ധം വിച്ഛേദിക്കുകയും എൻസിപിയുമായും കോൺഗ്രസ്സുമായും സഖ്യമുണ്ടാക്കി സംസ്ഥാനത്ത് മഹാവികാസ് അഘാദി (എംവിഎ) സർക്കാർ രൂപീകരിക്കുകയും ചെയ്തു.

വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ളവർ അഭിപ്രായം പറയേണ്ടതില്ല എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. തന്നോടൊപ്പം രാജ്യസഭാംഗമായിരുന്ന സമയം മുതൽ വിജയ് രൂപാണിയെ തനിക്ക് അറിയാമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കഴിഞ്ഞ തവണ 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞു എന്നാൽ ഇത്തവണ ബി.ജെ.പിക്ക് സഹചര്യങ്ങൾ അനുകൂലമല്ലെന്ന് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

ദേശീയ തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ പങ്കിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന്, “ദേശീയ നേതാവാകാനുള്ള കഴിവ് താക്കറെയ്ക്കുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നാൽ ഒരു ദേശീയ നേതാവ് തന്നെയാണ്” എന്നും സഞ്ജയ് റാവത്ത് പറഞ്ഞു.