'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്ന് ശശി തരൂര്‍ എംപി. മണ്ഡല പുനര്‍നിര്‍ണ്ണയത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെടുത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍ അഥവാ രാഷ്ട്രീയമായി അപ്രധാനമാക്കല്‍ ആണ് നടക്കുന്നതെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം നടപ്പിലാക്കാനായി കേന്ദ്രസര്‍ക്കാര്‍ കാണിച്ച അതേതിടുക്കമാണ് മണ്ഡല പുനര്‍നിര്‍ണ്ണയത്തിലും കാണിക്കുന്നതെന്ന് തരൂര്‍ വിമര്‍ശിച്ചു. ഇത് ലോക്‌സഭയിലെയും രാജ്യസഭയിലെയും നിലവിലുള്ള രാഷ്ട്രീയ സന്തുലിതാവസ്ഥയെ പൂര്‍ണ്ണമായും തകിടം മറിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വലിയ ഭീഷണിയാണ് മണ്ഡല പുനര്‍നിര്‍ണ്ണയമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി. ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് വഴി മികച്ച ഭരണത്തിന് ലഭിക്കുന്ന ശിക്ഷയായി ഇത് മാറും. ഭരണത്തിലെ മികവ് രാഷ്ട്രീയമായി പ്രസക്തിയില്ലാതാകുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കരുതെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി.

ജനസംഖ്യാ നിയന്ത്രണം പോലുള്ള ദേശീയ ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പിലാക്കിയ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പുതിയ പരിഷ്‌കാരത്തോടെ രാഷ്ട്രീയമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ എഞ്ചിനുകളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളുടെ ശബ്ദം പുതിയ പുനര്‍നിര്‍ണ്ണയത്തോടെ ദുര്‍ബലമാകുമെന്ന് തരൂര്‍ പറഞ്ഞു. കേന്ദ്ര ഖജനാവിലേക്ക് വലിയ പങ്ക് നല്‍കുന്ന സംസ്ഥാനങ്ങള്‍ പുതിയ തീരുമാനത്തോടെ സ്വന്തം രാജ്യത്ത് വെറും കാഴ്ചക്കാരായി മാറുന്ന അവസ്ഥയുണ്ടാകും. ഇത് വെറും ജനസംഖ്യാപരമായ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് വഴിമാറുമെന്ന ആശങ്കയും തരൂര്‍ പ്രകടിപ്പിച്ചു. കുറച്ച് വലിയ സംസ്ഥാനങ്ങള്‍ മാത്രം രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന സാഹചര്യം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും തരൂര്‍ ഓര്‍മ്മിപ്പിച്ചു.

ലോക്‌സഭയുടെ അംഗസംഖ്യ 850 ആയി ഉയര്‍ത്തുന്നതിനെ തരൂര്‍ രൂക്ഷമായി എതിര്‍ത്തു. ഇത്രയും വലിയൊരു സഭ ലോകത്തൊരിടത്തും നിലവിലില്ലെന്നും ഇത് പാര്‍ലമെന്റിനെ അപ്രായോഗികമായ ഒരു വേദിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്രയും കൂടുതല്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, രാജ്യസഭയുടെ അംഗബലം വര്‍ദ്ധിപ്പിക്കാതെ ലോക്‌സഭയുടേത് മാത്രം ഉയര്‍ത്തുന്നത് സംയുക്ത സമ്മേളനങ്ങളിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ലോക്‌സഭയുടെ അമിതമായ ആധിപത്യത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ സംവരണത്തെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധിപ്പിക്കുന്നത് സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റിലെ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ശക്തമായ വാദങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.