വിവാദ സിലബസിനെ അനുകൂലിച്ച് ശശി തരൂര്‍; ഇഷ്ടമുള്ളതേ പഠിക്കൂ എന്ന് വിചാരിച്ച് സര്‍വ്വകലാശാലയില്‍ പോയിട്ട് കാര്യമില്ല

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് മുന്‍ കേന്ദ്രമന്ത്രിയും എംപിയും ആയ ഡോ. ശശി തരൂര്‍. കുട്ടികള്‍ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി മനസിലാക്കണം. വിദ്യാര്‍ത്ഥികള്‍ ഇത്തരം പുസ്തകങ്ങളിലെ ഭാഗം കൂടി വായിക്കണമെന്നും ചില പുസ്തകങ്ങള്‍ മാത്രം വായിക്കരുത് എന്നത് അസ്വാതന്ത്ര്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുകാരനായോ, പാര്‍ലമെന്റേറിയനോ ആയല്ല താന്‍ പ്രതികരിക്കുന്നതെന്നും പകരം അക്കാദമിക തലത്തിലാണെന്നും തരൂര്‍ വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ നേതാക്കളായ ഗോള്‍വാര്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വലിയ രാഷ്ട്രീയ വാവദമായിരുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും കൂടിയായ ഡോ. ശശി തരൂരിന്റെ പ്രസ്താവന.

Read more

താന്‍ മനസിലാക്കിയിടത്തോളം ഗാന്ധി, നെഹ്‌റു, ടാഗോര്‍ തുടങ്ങിയവരുടെ ടെക്‌സ്റ്റുകള്‍ക്കൊപ്പം ഗോള്‍വാര്‍ക്കറിന്റെയും സവര്‍ക്കറുടെയും ടെക്സ്റ്റുകള്‍ കൂടി പഠിപ്പിക്കുന്നു എന്നാണ്. കുട്ടികള്‍ എല്ലാം വായിക്കണം. അധ്യാപകര്‍ക്കും വലിയ ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കണമെന്നും ഇതിന്റെ യഥാര്‍ത്ഥ അവസ്ഥ കൂടി മനസിലാക്കി കാണിക്കണമെന്നും തരൂര്‍ പറഞ്ഞു. ഇഷ്ടമുള്ളതേ വായിക്കുവെങ്കില്‍ സര്‍വ്വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്നും ചര്‍ച്ചകളാണ് സര്‍വ്വകലാശാലകളില്‍ ഉണ്ടാകേണ്ടതെന്നും തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.