ജെഎൻയുവിന്റെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ് നിയമിതയായി

ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ആണ് ഉന്നത തസ്തികയിലേക്ക് നിയമനം നടത്തിയത്.

ശാന്തിശ്രീ പണ്ഡിറ്റ് നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ്.

59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെഎൻയുവിലെ പൂർവ്വ വിദ്യാർത്ഥിയാണ്. സർവകലാശാലയിൽ നിന്നും അവർ എംഫിലും ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിരുന്നു.

“രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎൻയു വൈസ് ചാൻസലറായി നിയമിക്കുന്നതിന് അംഗീകാരം നൽകി. അവരുടെ നിയമനം അഞ്ച് വർഷത്തേക്കാണ്,” വിദ്യാഭ്യാസ മന്ത്രാലയത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

1988-ൽ ഗോവ സർവകലാശാലയിൽ നിന്ന് അധ്യാപന ജീവിതം ആരംഭിച്ച പണ്ഡിറ്റ് 1993-ൽ പൂനെ സർവകലാശാലയിലേക്ക് മാറി. വിവിധ അക്കാദമിക് ബോഡികളിൽ അവർ ഭരണപരമായ സ്ഥാനം വഹിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

ശാന്തിശ്രീ പണ്ഡിറ്റ് അവരുടെ ഔദ്യോഗിക ജീവിതത്തിൽ 29 പിഎച്ച്‌ഡികൾ ഗൈഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം ജെഎൻയുവിൽ ആക്ടിംഗ് വിസിയുടെ ചുമതല വഹിച്ചിരുന്ന എം ജഗദേഷ് കുമാറിനെ കഴിഞ്ഞ ആഴ്ചയാണ് യുജിസി ചെയർമാനായി നിയമിച്ചത്.