സുരക്ഷാവീഴ്ച, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ഉണ്ടാകും; കേന്ദ്ര- സംസ്ഥാന അന്വേഷണം മരവിപ്പിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് സാദ്ധ്യത. പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും അന്വേഷണം താത്കാലികമായി കോടതി മരവിപ്പിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മുതിര്‍ന്ന അഭിഭാഷകനായ മനീന്ദര്‍ സിംഗാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച വിഷയത്തില്‍ എസ്പിജി നിയമപ്രകാരമുള്ള കേസായതിനാല്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന് സാധുതയില്ല എന്ന് മനീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി. അനുകൊണ്ട് തന്നെ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഒരു അന്വേഷണം വേണം എന്ന് മനീന്ദര്‍ സിംഗ് വാദിക്കുകയായിരുന്നു.

മനീന്ദര്‍ സിംഗിന്റെ വാദത്തോട് കേന്ദ്രവും ഏതാണ്ട് യോജിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം കേന്ദ്രം ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം തുടരണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയുടെ വാദം. എന്നാല്‍ സുപ്രീംകോടതി മേല്‍നോട്ടലുള്ള അന്വേഷണത്തിന് തയ്യാറാണ് എന്നും, സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നും പഞ്ചാബ് സമ്മതിക്കുകയായിരുന്നു. വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏതന്വേഷണത്തിന് തയ്യാറെന്നും പഞ്ചാബ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

പഞ്ചാബ് സര്‍ക്കാരിന്റെ വാദത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കോടതി തേടി. എന്നാല്‍ തിങ്കളാഴ്ച രേഖകള്‍ പരിശോധിച്ച് തീരുമാനം അറിയിക്കാമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

കേസ് പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച എല്ലാ തെളിവുകളും രേഖകളും ശേഖരിക്കണം. ഇതിന്റെ ഉത്തരവാദിത്വം പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറിന് ആയിരിക്കും. സംസ്ഥാന ഡിജിപിയും എന്‍ഐഎ ഡയറക്ടറും രജിസ്ട്രാര്‍ ജനറലിന് എല്ലാ സഹായങ്ങളും ചെയ്യണം എന്നും താത്കാലിക ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രവും, പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ച അന്വേഷണം താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.