സീറ്റ് നിഷേധിച്ചു; പഞ്ചാബിൽ കോൺഗ്രസ് നേതാവ് ആം ആദ്മി പാർട്ടിയിൽ

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജഗ്മോഹൻ സിങ് കാങ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. മക്കളായ യതീന്ദ്ര സിങ് കാങ്ങും അമരീന്ദർ സിങ് കാങ്ങും എ.എ.പിയിൽ ചേർന്നിട്ടുണ്ട്.

മൊഹാലി ജില്ലയിലെ ഖരാർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ജഗ്മോഹൻ സിങ് കാങ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു.

വിജയ് ശർമയാണ് ഖരാറിൽ കോൺഗ്രസ് സ്ഥാനാർഥി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയാണ് ഖരാറിൽ തനിക്ക് സീറ്റ് നൽകുന്നതിനെ എതിർത്തതെന്ന് ജഗ്മോഹൻ ആരോപിച്ചു. സീറ്റ് നിഷേധിച്ചാൽ ഖരാറിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ ജഗ്മോഹൻ സിങ് കാങ് പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ അപ്രതീക്ഷിതമായാണ് അദ്ദേഹം എ.എ.പിയിൽ ചേർന്നത്.

ഫെബ്രുവരി 20നാണ് പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ