എസ്‌.ബി‌.ഐ കേന്ദ്ര സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് യെസ് ബാങ്കിനെ സഹായിക്കുന്നത്: പി ചിദംബരം

പ്രതിസന്ധിയിലായ യെസ് ബാങ്കിനെ സഹായിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) തീരുമാനത്തെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം ശനിയാഴ്ച സംശയം ഉന്നയിച്ചു. യെസ് ബാങ്കിനെ സഹായിക്കുമെന്ന് എസ്‌.ബി‌.ഐ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത പി ചിദംബരം, യെസ് ബാങ്കിനെ രക്ഷപ്പെടുത്താൻ എസ്‌ബി‌ഐയോട് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അഭിപ്രായപെട്ടു.

“എസ്‌.ബി‌.ഐ രക്ഷാപ്രവർത്തനം (യെസ് ബാങ്കിനായി) സ്വമേധയാ ഉള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. എൽ‌.ഐ.സി, ഐ‌.ഡി‌.ബി‌.ഐ ബാങ്കിന്റെ രക്ഷാപ്രവർത്തനം സ്വമേധയാ ഏറ്റെടുത്തതായിരുന്നില്ല. ഇവ ആഞ്ജയുടെ പുറത്തുള്ളതാണ്,” പി ചിദംബരം അവകാശപ്പെട്ടു.

യെസ് ബാങ്ക് പ്രതിസന്ധിയെ “വീഴ്ച” എന്ന് വിശേഷിപ്പിച്ച പി ചിദംബരം, ബി.ജെ.പി സർക്കാർ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഒരു ഭാഗം മാത്രമാണിതെന്ന് പറഞ്ഞു.

“ഏതൊരു സാമ്പത്തിക പ്രതിസന്ധിക്കും ഏറ്റവും നല്ല വിധികർത്താവ് മാർക്കറ്റാണ്. ഇന്നലെ സെൻസെക്സ് 884 പോയിൻറ് ഇടിഞ്ഞു. എസ്‌ബി‌ഐയുടെ ഓഹരി വില 18 രൂപയും യെസ് ബാങ്കിന്റെ വില 36.8 രൂപയിൽ നിന്ന് 16 രൂപയും കുറഞ്ഞു,” ചിദംബരം പറഞ്ഞു.

യെസ് ബാങ്കിന് വ്യാഴാഴ്ച റിസർവ് ബാങ്ക് ഒരു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തുകയും നിക്ഷേപകർക്ക് പ്രതിമാസ പിൻവലിക്കൽ പരിധി ഒരു അക്കൗണ്ടിന് 50,000 രൂപയായി നിശ്ചയിക്കുകയും ചെയ്തു. യെസ് ബാങ്ക് നിക്ഷേപകർക്ക് അവരുടെ പണം സുരക്ഷിതമാണെന്ന് റിസർവ് ബാങ്കും ധനമന്ത്രാലയവും ഉറപ്പ് നൽകിയിട്ടുണ്ട്.

യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ വാങ്ങുന്നതിന് എസ്ബിഐയുടെ ബോർഡ് തത്വത്തിൽ അനുമതി നൽകിയതായി ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. മുംബൈയിൽ പത്രസമ്മേളനത്തിൽ സംസാരിച്ച എസ്ബിഐ ചെയർപേഴ്‌സൺ രജനിഷ് കുമാർ യെസ് ബാങ്കിൽ കുറഞ്ഞത് 2,400 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു.