മെട്രോ ട്രെയിനിന്റെ വാതിലില്‍ സാരി കുടുങ്ങി അപകടം; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

മെട്രോ ട്രെയിനിന്റെ വാതിലില്‍ സാരി കുടുങ്ങി അപകടത്തില്‍പ്പെട്ട യുവതി മരിച്ചു. അപകടത്തില്‍ 35കാരിയായ ഡല്‍ഹി സ്വദേശിനി റീനയാണ് മരിച്ചത്. ഡല്‍ഹി ഇന്ദര്‍ലോക് സ്‌റ്റേഷനില്‍ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. മെട്രോയുടെ വാതിലില്‍ സാരിയുടെ ഒരു ഭാഗം കുടുങ്ങിയതിനെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് റീന മരിച്ചത്. അപകടത്തെ കുറിച്ച് മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് ഡല്‍ഹി മെട്രോ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനുജ് ദയാല്‍ പറഞ്ഞു. അതേ സമയം അപകടം സംഭവിച്ചത് ട്രെയിനില്‍ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്നതില്‍ വ്യക്തതയില്ലെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

Read more

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗ്ലോയില്‍ നിന്ന് മോഹന്‍ നഗറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ട റീനയ്ക്ക് ഒരു മകനും മകളുമുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.