യു.പിയില്‍ ബി.ജെ.പി നന്ദി പറയേണ്ടത് മായാവതിയോടും ഒവൈസിയോടും; പരിഹസിച്ച് ശിവസേന

യുപിയില്‍ ബിജെപി കടപ്പെട്ടിരിക്കുന്നത് മായാവതിയോടും ഒവൈസിയോടുമാണെന്ന് ശിവസേന. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. ഒവൈസിക്ക് ഭാരത രത്‌നയും മായാവതിക്ക് പദ്മവിഭൂഷനും നല്‍കണമെന്നായിരുന്നു റാവത്തിന്റെ പരിഹാസം.

അഖിലേഷ് സീറ്റ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. മായാവതിയും ഒവൈസിയും ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. അതുകൊണ്ട് പദ്മവിഭൂഷനും ഭാരതരത്‌നയും ഇരുവര്‍ക്കും നല്‍കേണ്ടതുണ്ട് എന്നായിരുന്നു എന്‍ഐയോട് അദ്ദേഹം പ്രതികരിച്ചത്.

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി തോറ്റത് എന്തുകൊണ്ടാണെന്നും ഗോവയിലെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ തോറ്റതും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ ബിജെപി നിരസിക്കപ്പെട്ടത് ചര്‍ച്ചയാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങി എല്ലാവരും തുടര്‍ച്ചയായി പ്രചാരണം നടത്തിയ സംസ്ഥാനമാണ് പഞ്ചാബ്. എന്നിട്ടെന്തുണ്ടായി. ജനങ്ങള്‍ നിരസിച്ചില്ലേ? അതാണ് കാര്യമെന്നും മറ്റിടങ്ങളില്‍ ബിജെപിയുടെ കയ്യിലായതിനാല്‍ അവിടുത്തെ തെരഞ്ഞെടുപ്പ് ഫലം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.