മുസ്ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്നു വിളിച്ച ആള്‍ദൈവം സദ്ഗുരു കുരുക്കില്‍; ഇസ്ലാമോഫോബിയ എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നടന്ന പരിപാടിക്കിടെ മുസ്ലിം പേരുള്ള വിദ്യാര്‍ത്ഥിയെ താലിബാനി എന്നു വിളിച്ച വിവാദ ആള്‍ദൈവം സദ്ഗുരു കുരുക്കില്‍. ചടങ്ങില്‍ സംസാരിക്കവെ നടത്തിയ താലിബാനി പരാമര്‍ശത്തിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ ശക്തമായി രംഗത്തു വന്നു. ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിന് ഇസ്ലാമോഫോബിയ ആണെന്ന് യൂണിയന്‍ വ്യക്തമാക്കി.

യൂത്ത് ആന്റ് ട്രൂത്ത്: അണ്‍പ്ലഗ് വിത്ത് സദ്ഗുരു എന്ന പരിപാടിയില്‍ സംസാരിക്കവെ ബിലാല്‍ ബിന്‍ സാഖിബ് എന്ന മുസ്ലിം വിദ്യാര്‍ത്ഥിയെ ഇയാള്‍ താലിബാനി എന്ന് വിളിക്കുകയായിരുന്നു. ക്യാമ്പസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഖേദകരമാണെന്നും യൂണിയന്‍ അറിയിച്ചു.

പരാമര്‍ശം വിവാദമായതോടെ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന് സദ്ഗുരു പറഞ്ഞു. നേരത്തെ സംഘപരിവാറിനെതിരെയും ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെയും ജെഎന്‍യു ക്യാമ്പസില്‍ ശബ്ദം ഉയര്‍ത്തിയ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുളള വിദ്യാര്‍ത്ഥി നേതാക്കളെ തെരുവില്‍ നേരിടണം എന്ന് ജഗ്ഗി വാസുദേവ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നതും വിവാദമായിരുന്നു.