പുനഃപരിശോധന എന്നാല്‍ വിധിയില്‍ പോരായ്മകള്‍ ഉണ്ടെന്നാണ് അര്‍ത്ഥം; ശബരിമല വിധി ഭാഗികമെങ്കിലും വലിയ വിജയമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നല്‍കിയ പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. വിധി പുനഃപരിശോധിച്ചു എന്നതിന്റെ അര്‍ത്ഥം മുമ്പുള്ള വിധിയില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ ഉണ്ടെന്നു തന്നെയാണ്, ഇത് ഭാഗികമെങ്കിലും വലിയ വിജയമാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

വിവിധ മതങ്ങളോട് ചേര്‍ത്തു കൊണ്ട് വിധി പുനഃപരിശോധിക്കുന്നതിനോട് എതിര്‍പ്പില്ല. പാര്‍സി, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടം മുമ്പോട്ട് കൊണ്ടുപോവും. നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ത്ഥന യജ്ഞങ്ങള്‍ ആരംഭിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

മുമ്പുണ്ടായതു പോലെ ഇത്തവണ ശബരിമല പ്രവേശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ഞങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധിക്കും. അക്രമങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തവണ ഞങ്ങളുടെ ഭാഗത്ത് നിന്നും കുറച്ച് തെറ്റുകള്‍ വന്നു, ഇത്തവണ അത് തിരുത്തി, ആവശ്യമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.