മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നിയന്ത്രണം ശക്തമാക്കി ഡല്‍ഹി

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു. ഡല്‍ഹി ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ട്, ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

നിലവില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടരും. മാര്‍ക്കറ്റുകള്‍ മെട്രോസ്‌റ്റേഷനുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ കോവിഡ് പരിശോധന ശ്കതമാക്കും. വാക്‌സിനേഷന്‍ കൂട്ടാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട.

സമീപ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടി വരുന്നതിനെ തുടര്‍ന്നാണ് ഇന്ന് യോഗം ചേര്‍ന്നത്. പ്രതിദിന കോവിഡ് കേസുകളില്‍ 26 ശതമാനം വര്‍ധനവാണ് ഇന്നലെ മാത്രം രാജ്യ തലസ്ഥാനത്ത് ഉണ്ടായത്. അതേസമയം കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച 7.72 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 4.42 ശതമാനമായി കുറഞ്ഞു.