ബിജെപിയുടെ കപട ദേശീയതയുടെ മുഖം ഒരിക്കൽ കൂടി അഴിഞ്ഞുവീണുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ ഹൈബ്രിഡ് വൈദ്യുതിനിലയം നിർമിക്കാൻ ഗൗതം അദാനിക്ക് അതിർത്തി സുരക്ഷാ നിയമങ്ങൾ മോദി സർക്കാർ ഇളവു ചെയ്തു കൊടുത്തു എന്ന ദ ഗാർഡിയന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ഖാർഗെ. ശതകോടീശ്വരന്മാർക്കായി മോദി സർക്കാർ ദേശീയ സുരക്ഷയെ അപകടത്തിലാക്കിയെന്ന് ഖാർഗെ ആരോപിച്ചു.
ദ ഗാർഡിയൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മൂന്ന് ചോദ്യങ്ങളാണ് ഖാർഗെ മോദി സർക്കാരിനോട് ചോദിച്ചത്.
1. അതിർത്തി സുരക്ഷാ നിയമങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് നിങ്ങൾ നിങ്ങളുടെ ‘പ്രിയ സുഹൃത്തിന്’ പാകിസ്ഥാനുമായുള്ള അതിർത്തിക്കടുത്ത് വെറും 1 കിലോമീറ്റർ അകലെയുള്ള വിലയേറിയ തന്ത്രപ്രധാനമായ ഭൂമി സമ്മാനിച്ചുവെന്നത് ശരിയാണോ?
2. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ എന്നിവയോട് ചേർന്നുള്ള ഭൂമിയിലും നിങ്ങളുടെ സർക്കാർ അത്തരം നിയമങ്ങളിൽ ഇളവ് വരുത്തി, അതുവഴി നമ്മുടെ തന്ത്രപരവും അതിർത്തി സുരക്ഷയും അപകടത്തിലാക്കി എന്നത് ശരിയല്ലേ?
ലഡാക്കിൽ ചൈനയ്‌ക്കെതിരെ പോരാടിയ 20 ധീരൻമാർ ത്യാഗം സഹിച്ചപ്പോൾ “ഞങ്ങളുടെ പ്രദേശത്ത് ആരും പ്രവേശിച്ചിട്ടില്ല” എന്ന് പറഞ്ഞത് നിങ്ങളാണെന്ന് ഓർക്കുക!
3. “ആ പ്രദേശത്ത് മൈനുകളും ടാങ്കുകളും സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ എന്ത് സംഭവിക്കും? പ്രതിരോധ പ്രവർത്തനങ്ങളിൽ ബഹിരാകാശത്തും എന്താണ് നിങ്ങളുടെ നിലപട്?”മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ചോദ്യം ഞങ്ങൾ ആവർത്തിക്കുന്നു.
മല്ലികാർജുൻ ഖാർഗെയുടെ എക്സ് പോസ്റ്റ്
.@narendramodi ji,
BJP’s Pseudo-Nationalism face is once again unmasked!
You have endangered National Security at our borders in order to benefit private billionaires!
1. Is it true that you have gifted precious strategic land, just 1 km near the International Border with… pic.twitter.com/o1YFb0Vixi
— Mallikarjun Kharge (@kharge) February 12, 2025
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ ഗൗതം അദാനി നിർമിക്കുന്ന ലോകത്തെ ഏറ്റവുംവലിയ ശുദ്ധ ഊർജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായി അതിർത്തി സുരക്ഷാ നിയമങ്ങൾ ഇളവുചെയ്തതായാണ് ബ്രിട്ടീഷ് പത്രമായ ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തത്. തീരുമാനത്തിനെതിരെ സൈന്യത്തിനുള്ളിൽ നിന്നുയർന്ന ആശങ്കകളും വിദഗ്ധാഭിപ്രായങ്ങളും വകവെയ്ക്കാതെയാണ് മോദിസർക്കാർ ഈ നീക്കം നടത്തിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. അതിർത്തിയിലെ തന്ത്രപ്രധാനമായ 445 ഏക്കർ ഭൂമിയാണ് ഗുജറാത്ത് സർക്കാർ വൈദ്യുതി നിലയത്തിനെന്ന പേരിൽ അദാനി ഗ്രൂപ്പിന് നൽകിയിട്ടുള്ളത്.
ദേശീയ പ്രതിരോധ ചട്ടം ഇന്ത്യ- പാക് അതിർത്തിയിൽ 10 കിലോമീറ്റർ ദൂരത്തിൽ വരെ വലിയ നിർമാണങ്ങൾ അനുവദിച്ചിരുന്നില്ല. നിലവിലുള്ള ഗ്രാമങ്ങളും റോഡുകളുമേ പാടുണ്ടായിരുന്നുള്ളൂ. എന്നാൽ, അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് ഏക്കർ കണക്കിന് ഭൂമിയിൽ സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് കിലോമീറ്റർ ദൂരത്തിൽ കൂറ്റൻ കാറ്റാടികളുമുണ്ട്. അദാനിക്കുവേണ്ടി നിയമങ്ങളിൽ ഇളവുവരുത്താൻ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ ഉന്നതങ്ങളിൽ സ്വാധീനംചെലുത്തി.
Read more
റാൻ ഓഫ് കച്ചിൽ സോളാർ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കുന്നത് യുദ്ധസമയങ്ങളിൽ ടാങ്കുകളുടെ നീക്കത്തെ ബാധിക്കുമെന്ന മിലിട്ടറി ഉദ്യോഗസ്ഥരുടെ ആശങ്ക മറികടന്നായിരുന്നു തീരുമാനം. പാനലുകൾ ശത്രു ടാങ്കുകളുടെ നീക്കം തടയുമെന്നാണ് ഇതിന് മറുപടിയായി അദാനി ഗ്രൂപ്പ് പറഞ്ഞത്. സോളാർ പാനലുകളുടെ വലുപ്പം ക്രമീകരിക്കണമെന്ന സൈനിക വിദഗ്ധർ ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണം പറഞ്ഞ് ഈ നിർദേശവും അദാനി ഗ്രൂപ്പ് തള്ളിയെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.