കനലടങ്ങാതെ മണിപ്പുർ, 18 ഗ്രാമങ്ങളിൽ അക്രമസാദ്ധ്യത; സുരക്ഷ ഒരുക്കാൻ നിർദേശിച്ച് സുപ്രീംകോടതി

 കലാപങ്ങൾ ഒതുങ്ങിയെങ്കിലും മണിപ്പുരിലെ ഗ്രാമങ്ങളിൽ അക്രമ സാധ്യത നിലനിൽക്കുന്നവെന്ന് അംഗീകരിച്ച് സുപ്രീം കോടതി. നിലവിൽ 18 ഗ്രാമങ്ങളിലാണ് അക്രമ സാധ്യത നിലനിൽക്കുന്നത്. മണിപ്പുർ ട്രൈബൽ ഫോറം ഡൽഹിക്കുവേണ്ടി അഭിഭാഷകനായ കോളിൻ ഗോൺസാൽവസാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇത് മനസിലാക്കിയ സുപ്രീം കോടതി ആശങ്കയിൽ തുടരുന്ന ഗ്രാമങ്ങളിൽ സുരക്ഷ ഒരുക്കാനും കർശന നടപടി സ്വീകരിക്കാനും നിർദേശിക്കുകയായിരുന്നു.

സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കാവുന്ന പരാമർശങ്ങൾ ഒവിവാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. മെയ്തെയ് വിഭാഗത്തെ എസ്‍ടി പട്ടികയിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കാൻ സർക്കാരിനോടു നിർദേശിച്ച മണിപ്പുർ ഹൈക്കോടതിയുടെ നടപടിയേയും കോടതി വിമർശിച്ചു.

മ്യാൻമറിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരും സംസ്ഥാനത്ത് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായി മണിപ്പുർ ഹൈക്കോടതി ബാർ അസോസിയേഷൻ സുപ്രീം കോടതിയെ അറിയിച്ചു. ഇടപെടൽ ഹർജിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. എന്നാൽ ക്രമസമാധാന ചുമതല സംസ്ഥാന സർക്കാരിന്റെ പരിധിയിലാണെന്നു കോടതി മറുപടി നൽകി.