ഒരു പ്രത്യേക വിഭാഗം വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കും; ജനസംഖ്യാനിയന്ത്രണം ജാതി, മതം, ഭാഷ എന്നിവയ്ക്ക് അതീതമാകണമെന്ന് യോഗി ആദിത്യനാഥ്

രാജ്യത്ത് ഒരു പ്രത്യേക വിഭാഗം മാത്രം ജനസംഖ്യയില്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാ നിന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുത്. ഒരു വിഭാഗം മാത്രം വര്‍ദ്ധിക്കുന്നത് മതപരമായ ജനസംഖ്യയെ സംബന്ധിച്ച് ആശങ്ഖയുളവാക്കുന്ന കാര്യമാണ്. ഇത് അസ്വാസ്ഥ്യത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം ജാതി, മതം, പ്രദേശം, ഭാഷ എന്നിവയ്ക്ക് അതീതമാകണം.ഇത് ആരോഗ്യവകുപ്പിന്റെ മാത്രം ലക്ഷ്യമാകരുത്. ഗ്രാമവികസനം, പഞ്ചായത്തിരാജ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണം. ബോധവല്‍ക്കരണവും നിര്‍വഹണവും ഒപ്പം നടക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയില്‍ ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി നയത്തിന്റെ കരട് നിര്‍ദ്ദേശിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളെ സംസ്ഥാന സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരാക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നുമായിരുന്നു നിര്‍ദ്ദേശങ്ങള്‍. കരട് നയം അനുസരിച്ച്, രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് രണ്ട് അധിക ഇന്‍ക്രിമെന്റുകളും വീട് വാങ്ങുമ്പോള്‍ സബ്സിഡിയും ലഭിക്കും.

ഒരു കുട്ടിയുള്ള ദമ്പതിമാര്‍ക്ക് കുട്ടിയുടെ ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, സ്‌കൂളുകളില്‍ പ്രവേശനത്തിന് മുന്‍ഗണന എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും വ്യവസ്ഥയില്‍ പറഞ്ഞിരുന്നു. അതേസമയം കരട് നയത്തെ എതിര്‍ത്ത് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.