കുശലം തിരക്കല്‍ വേണ്ട; ലോക്കോ പൈലറ്റുമാരുമായി അനാവശ്യ സംസാരത്തിന് നിയന്ത്രണം; ലംഘിക്കുന്ന സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ക്കെതിരെ നടപടിയെന്ന് റെയില്‍വേ

സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ ലോക്കോ പൈലറ്റുമാരുമായി അനാവശ്യ സംസാരം വേണ്ടെന്ന് ഉത്തരവിറക്കി ദക്ഷിണ റെയില്‍വേ. ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ ലോക്കോപൈലറ്റുമാരുമായി വാക്കിടോക്കിയിലൂടെ സംസാരിക്കാറുണ്ട്.

ഇത്തരം സംസാരങ്ങളുടെ ഇടയില്‍ ഔദ്യോഗികമല്ലാത്ത വിഷയങ്ങളും ഉണ്ടാകാറുണ്ട്. വഴിയിലെ കാഴ്ച്ചകള്‍ ഡ്യൂട്ടി സമയം തുടങ്ങി വീട്ടിലെ കാര്യങ്ങള്‍ വരെ സംസാരിക്കാറുണ്ടെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

അടുത്തിടെ ആന്ധ്രാപ്രദേശില്‍ 13 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടത്തിന് കാരണം സ്റ്റേഷന്‍മാസ്റ്റര്‍ കൂടുതല്‍ സമയം സംസാരിച്ചതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ ഉത്തരവ്. വാക്കിടോക്കിയിലൂടെയുള്ള ഇത്തരം സംസാരങ്ങള്‍ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

ലോക്കോപൈലറ്റുമാരോട് പറയേണ്ട കാര്യങ്ങള്‍ ചുരുക്കിപ്പറയണം. ദീര്‍ഘനേരം സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും. കൂടുതല്‍സമയം സംസാരിക്കുന്ന സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ദക്ഷിണ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.