വ്യക്തിയുടെ സ്വകാര്യതയെ മാനിക്കണം; ഏജന്‍സികള്‍ ആവശ്യമായ വിവരങ്ങള്‍ മാത്രം ശേഖരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മാത്രമേ സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധികാരം പ്രയോഗിക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. പരിശോധനകളിലൂടെ പിടിച്ചെടുക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ എന്നും ചന്ദ്രചൂഢ് പറഞ്ഞു.

അധികാര വിനിയോഗത്തില്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. സിബിഐയുടെ ആദ്യ ഡയറക്ടര്‍ ഡിപി കോലിയുടെ 20ാം സ്മരണ വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു ഡിവൈ ചന്ദ്രചൂഢ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു.

ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പരിശോധന നടത്താനുമുള്ള അധികാരത്തിനും വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനും ഇടയില്‍ കൃത്യമായ വേര്‍തിരിവ് ഉണ്ടായിരിക്കണം. നീതിയും ന്യായവും നിലനില്‍ക്കുന്ന സമൂഹത്തിലെ അടിസ്ഥാന തത്വമാണിത്. സാങ്കേതിക വിദ്യയും നിര്‍മ്മിത ബുദ്ധിയും അന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.