'തുര്‍ക്കി അനുഭവിക്കുന്നതെന്താണെന്നു എനിക്കു നന്നായി മനസ്സിലാവും'; ഗുജറാത്ത് ഭൂകമ്പം ഓര്‍മ്മിച്ച് വികാരഭരിതനായി പ്രധാനമന്ത്രി, ദുരന്തഭൂമിയില്‍ സഹായവുമായി ഇന്ത്യന്‍ സംഘം

തുര്‍ക്കി-സിറിയ ഭൂകമ്പത്തിനൊപ്പം 2001 ലെ ഗുജറാത്ത് ഭൂകമ്പം ഓര്‍മിച്ചെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുര്‍ക്കി അനുഭവിക്കുന്നതെന്താണെന്നു തനിക്കു നന്നായി മനസ്സിലാവുമെന്നു അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംപിമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് രക്ഷാദൗത്യം നേരിട്ട വെല്ലുവിളികള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി പരാമര്‍ശിച്ചു. ഗുജറാത്ത് ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. 1.5 ലക്ഷം പേര്‍ക്കു പരുക്കേറ്റിരുന്നു.

അതിനിടെ, രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ തുര്‍ക്കിയിലും സിറിയയിലും എത്തിച്ചേര്‍ന്നു. മരുന്നുകള്‍, രക്ഷാപ്രവര്‍ത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികള്‍ എന്നിവയുമായാണു സംഘങ്ങള്‍ എത്തിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുര്‍ക്കിയിലേക്കയച്ചത്. ഡോക്ടര്‍മാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുര്‍ക്കിയിലെത്തി. പരുക്കേറ്റവര്‍ക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണു ദൗത്യം.

ദുരന്തമേഖലയില്‍ 30 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകള്‍, എക്‌സ്‌റേ യന്ത്രങ്ങള്‍, ഓക്‌സിജന്‍ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കും.