ഡൽഹിയിൽ റെഡ് അലർട്ട്; അതിശക്തമായ മഴയും കാറ്റും, വിമാന സർവീസുകൾ വൈകും, ജാഗ്രതാ നിർദേശം

ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും. വരുന്ന മണിക്കൂറുകളിൽ 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിമാന സർവീസുകളെ കാലാവസ്ഥ ബാധിക്കും.


തലസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇതിനോടകം വെള്ളക്കെട്ടുണ്ടായി. അതോടൊപ്പം ശക്തമായ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായി. ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി.

‘ഡൽഹിയിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു. ഇത് വിമാന ഷെഡ്യൂളിനെ ബാധിച്ചേക്കാം. തടസം ഇല്ലാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു’- എയർ ഇന്ത്യ എക്‌സിൽ വ്യക്തമാക്കി. കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ പെയ്തതോടെ താപനിലയിൽ കുറവുണ്ടായി.