ഇന്ത്യയിൽ ഒരു ദിവസം ഒരു ലക്ഷം പേർക്ക് കോവിഡ് രോ​ഗമുക്തി; 24 മണിക്കൂറിനിടെ 75,083 പേർക്ക് രോ​ഗം, 1053 മരണം

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 75,083 പേർക്കാണ് രാജ്യത്ത് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു.

രാജ്യത്ത് ഇതുവരെ 55,62,663 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ സമയം രാജ്യത്തെ കോവിഡ് രോ​ഗമുക്തി നിരക്ക് ആശ്വാസമേകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേരാണ് രോ​ഗമുക്തി നേടിയത്.

1,01,468 പേർ ഇന്നലെ രോ​ഗമുക്തി നേടിയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. രോ​ഗബാധിതരുടെ 80.86 ശതമാനം പേരും നിലവിൽ രോ​ഗമുക്തി നേടി. 44,97,868 പേരാണ് രോ​ഗമുക്തി നേടിയത്.

കോവിഡ് മരണനിരക്ക് ആയിരം കവിഞ്ഞ് ഉയരുകയാണ്. ഇന്നലെ മാത്രം 1053 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഔദ്യോഗിക കണക്കുകളനുസരിച്ച് കൊവിഡ് മരണം 88,935 ആയി.

കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ 15,738 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 6235 പേർക്കും, കർണാടകത്തിൽ 7339 പേർക്കും, തമിഴ്നാട്ടിൽ 5344 പേർക്കും ഉത്തർ പ്രദേശിൽ 4703 പേർക്കും രോ​ഗബാധ സ്ഥിരീകരിച്ചു.