രാജ്യസഭ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിക്ക് അട്ടിമറി വിജയം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി വിജയം. മത്സരം നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി സ്വന്തമാക്കി. ഹരിയാനയില്‍ രണ്ട് സീറ്റുകളും മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതവും ബിജെപി നേടി. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ചു.

ശിവസേന, എന്‍സിപി എന്നിവര്‍ക്ക് ഓരോ സീറ്റ് വീതവും വിജയിക്കാനായി. രാജസ്ഥാനില്‍ ഒഴികെ എല്ലായിടത്തും ബിജെപി വിജയിച്ചു.ഇന്നലെ രാത്രി വൈകിയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്രയില്‍ ബിജെപി മൂന്നു സീറ്റ് നേടി. മഹാ വികാസ് അഘാഡിയുടെ മൂന്നു വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി.

ഹരിയാനയില്‍ എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പരാജയപ്പെട്ടു. ബിജെപി പിന്തുണയോടെ മത്സരിച്ച മാധ്യമപ്രമുഖന്‍ കാര്‍ത്തികേയ ശര്‍മ്മയാണ് അജയ് മാക്കനെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി കൂറുമാറി വോട്ടു ചെയ്തു. അജയ് മാക്കന്റെ തോല്‍വി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

നാലു സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലായിരുന്നു കടുത്ത പോരാട്ടം നടന്നത്. ഒഴിവുവന്ന 57 സീറ്റുകളില്‍ മുന്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം ഉള്‍പ്പെടെ 41 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസിന് വോട്ടുചെയ്തു. ജെഡിഎസിന്റെ മറ്റൊരു എംഎല്‍എയായ എസ്.ആര്‍ ശ്രീനിവാസ് ആര്‍ക്കും വോട്ടുചെയ്യാതെ അസാധുവാക്കി.