'ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കാൻ നോക്കിയിരിക്കുകയായിരുന്നു'; രാജസ്ഥാന്‍ രാഷ്ട്രീയ തര്‍ക്കത്തില്‍ ഇടപെടാൻ ഒരുങ്ങി മായാവതി

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ അങ്കത്തട്ടില്‍ ഇറങ്ങാനൊരുങ്ങി മായാവതി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ബിഎസ്പി അദ്ധ്യക്ഷ കോണ്‍ഗ്രസിനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെയാണ് മായാവതി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 102 അംഗങ്ങളുടെ പിന്തുണയാണ് ഗെലോട്ട് അവകാശപ്പെടുന്നത്. ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടുന്നു.

ബിഎസ്പി, എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ബിജെപി നേതാവ് മദന്‍ ദില്‍വാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബിഎസ്പിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

“ബിഎസ്പിക്ക് നേരത്തെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനേയും അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാനുള്ള സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ കോടതിയില്‍ പോകാന്‍ തീരുമാനിച്ചു” മായാവതി പറഞ്ഞു.

ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് മദന്‍ ദിലാവര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇക്കാര്യത്തില്‍ പുതിയ ഹർജി സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.