ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എതിരെ ബില്‍ പാസാക്കി രാജസ്ഥാന്‍ നിയമസഭ; പ്രതിഷേധിച്ച് ബി.ജെ.പി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എതിരെ രാജസ്ഥാന്‍ നിയമസഭ ബില്‍ പാസാക്കി. ആള്‍ക്കൂട്ടാക്രമണം ഇരയുടെ മരണത്തിലെത്തിയാല്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തുന്നതാണ് ബില്‍. ബിജെപിയുടെ പ്രതിഷേധത്തിനൊടുവില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാളാണ് ബില്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലും ആള്‍ക്കൂട്ടാക്രണ സംഭവങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ബില്ലിന് മേലുള്ള ചര്‍ച്ചക്കിടെ ശാന്തി ധരിവാള്‍ പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ശക്തമായ ശിക്ഷ നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജൂലൈ 16- ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമം കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സംസ്ഥാനത്തിന് മോശം പേരാണ് ലഭിച്ചതെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

2014- ല്‍ രാജ്യത്തുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ 86 ശതമാനം ആള്‍ക്കൂട്ട ആക്രമണങ്ങളും നടന്നത് രാജസ്ഥാനിലാണ്. രാജസ്ഥാന്‍ സമാധാനപൂര്‍ണമായ സംസ്ഥാനമാണ്. ഇത്തരം സംഭവങ്ങള്‍ അതിന് വിഘാതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷമായ ബിജെപി ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. ബില്‍ റിവ്യൂ കമ്മിറ്റിക്ക് വിടണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത്തരമൊരു നിയമത്തിന്റെ ആവശ്യമെന്തെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ഗുലാബ് ചന്ദ് ആവശ്യപ്പെട്ടു.