പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കാന്‍ അന്ത്യശാസനം നല്‍കി രാജ് താക്കറെ; മറുപടി ഉടനെ നല്‍കുമെന്ന് അജിത് പവാര്‍

പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കാന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മെയ് മൂന്നിനകം നീക്കം ചെയ്യണമെന്നാണ് ഭീഷണി. എന്നാല്‍ രാജ് താക്കറെയ്ക്കും അദ്ദേഹത്തിന്റെ ഭീഷണികള്‍ക്കും ഇത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ശരിയായ സമയം വരുമ്പോള്‍ അതിനുള്ള മറുപടി നല്‍കും. എല്ലാ ചോദ്യങ്ങള്‍ക്കും തന്റെ പക്കല്‍ ഉത്തരങ്ങളുണ്ടെന്ന് പവാര്‍ പറഞ്ഞു.

ഭീഷണി അനുസരിച്ച് മുംബൈയിലെ ഒരു പള്ളിയില്‍ നിന്നെങ്കിലും ഉച്ചഭാഷിണി നീക്കം ചെയ്താല്‍ അത് വലിയ നാണക്കേടായിരിക്കുമെന്ന് കോണ്‍ഗ്രസിന്റെ സഞ്ജയ് നിരുപം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്ന് താക്കറെ ഇന്നലെ താനെയില്‍ നടന്ന പരിപാടിയിലും ആവര്‍ത്തിച്ചിരുന്നു. ഇത് ഒരു സാമൂഹിക പ്രശ്‌നമാണ്, മതപരമല്ല. ഇതിന് നിന്ന് പിന്നോട്ട് പോകില്ലെന്നും, സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്‌തോളുവെന്നുമാണ് താക്കറെ പറഞ്ഞത്.

ഏപ്രില്‍ രണ്ടിന് ശിവാജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആദ്യമായി താക്കറെ ഇക്കാര്യം ഉന്നയിച്ചത്. പള്ളികള്‍ക്ക് മുന്നില്‍ ഇത്രയും ഉറക്കെ ഉച്ചഭാഷിണികള്‍ വെക്കുന്നത് എന്തിനാണ്. താന്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ലെന്നും നമസ്‌ക്കാരവും പ്രാര്‍ത്ഥനയും വീടുകളില്‍ ആകാമെന്നുമാണ് രാജ് താക്കറെ പറഞ്ഞത്.

Read more

താക്കറെയുടെ ആഹ്വാനത്തിന് പിന്നാലെ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.