കള പറിക്കാനല്ല വിളവുകൊയ്യാൻ ഇറങ്ങിയതാ; കർഷകനായി വയലിൽ ഇറങ്ങി രാഹുൽ ഗാന്ധി

കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഏറെ ജനകീയനാണ് ഇന്ന് രാഹുൽ ഗാന്ധി എംപി. കടലിലിറങ്ങാനും, പാചകം ചെയ്യാനുമെല്ലാം ആളുകളോടൊപ്പം കൂടുന്നതിൽ രാഹുൽ മടികാണിക്കാറില്ല. ഏതായായും ഇത്തവണ കർഷകന്റെ വേഷത്തിലാണ് രാഹുൽ ജനങ്ങളിലേക്കിറങ്ങിയത്.

ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തില്‍ നെല്‍കര്‍ഷകനായി രാഹുല്‍ ഗാന്ധി മാറുകയായിരുന്നു.കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ കര്‍ഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു.വിളവെടുക്കാനാണ് രാഹുൽ വയലിൽ ഇറങ്ങിയത്.ഞായറാഴ്ചയാണ് രാഹുൽ റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കർഷകരെ നെല്ല് വിളവെടുക്കാൻ സഹായിച്ചത്.

ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കർഷകർക്കായി ആവിഷ്കരിച്ച പദ്ധതികളെ കുറിച്ച് രാഹുല്‍ സംസാരിച്ചു.വായ്പ എഴുതിത്തള്ളലും സബ്‌സിഡിയും ഉൾപ്പെടെ കര്‍ഷകര്‍ക്കായുള്ള ഛത്തീസ്ഗഡ് സര്‍ക്കാരിന്‍റെ അഞ്ച് പദ്ധതികള്‍ രാഹുല്‍ വിശദീകരിച്ചു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സർക്കാരിന്റെ കർഷക മാതൃക ഇന്ത്യയിലുടനീളം പിന്തുടരുമെന്ന് രാഹുല്‍ പറഞ്ഞു.

“കർഷകർ സന്തുഷ്ടരാണെങ്കിൽ ഇന്ത്യ സന്തുഷ്ടയാണ്. ഛത്തീസ്ഗഡിലെ കർഷകർക്കായുള്ള കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പദ്ധതികള്‍, അവരെ ഇന്ത്യയില്‍ ഏറ്റവും സന്തുഷ്ടരാക്കി മാറ്റി. നെല്ലിന്‍റെ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കർഷകർക്ക് 23,000 കോടി രൂപയുടെ സബ്‌സിഡി. 19 ലക്ഷം കർഷകരുടെ 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ബിൽ പകുതിയാക്കി. 5 ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം ഭൂപേഷ് ബാഗേൽ സർക്കാർ ഈ പദ്ധതികളെല്ലാം ആരംഭിച്ചു. ഇന്ത്യയിലുടനീളം ഞങ്ങൾ ആവർത്തിക്കാന്‍ പോകുന്ന മാതൃകയാണിത്”. എന്ന്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി. നവംബര്‍ 7നും 17നും ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും.