ജീവിതപങ്കാളി ഇങ്ങനെ ആയിരിക്കണം...; ഒടുവില്‍ മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

തന്റെ ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെയാകും ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുക എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി മനസുതുറന്നത്. തന്റെ ജീവിതത്തിലെ സ്‌നേഹമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധി. സോണിയാ ഗാന്ധി കഴിഞ്ഞാല്‍ മുത്തശ്ശി തനിക്ക് രണ്ടാമത്തെ അമ്മയാണ് എന്ന് രാഹുല്‍ പറഞ്ഞപ്പോഴാണ് യൂട്യൂബര്‍ ജീവിത പങ്കാളിയെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്.

മുത്തശ്ശിയുടെ സ്വഭാവ സവിശേഷതകളുള്ള ഒരു സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണോ താല്‍പര്യമെന്നായിരുന്നു ചോദ്യം. ”അതൊരു രസകരമായ ചോദ്യമാണ്. മുത്തശ്ശിയുടെ സ്വഭാവ ഗുണങ്ങള്‍ക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങള്‍ കൂടിയുള്ള സ്ത്രീ ആണെങ്കില്‍ വളരെ നല്ലത്” എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Read more

സൈക്കിളുകളും മോട്ടോര്‍ സൈക്കിളുകളും ഓടിക്കാനുള്ള ഇഷ്ടത്തെ കുറിച്ചും രാഹുല്‍ പറഞ്ഞു. താന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല. തനിക്ക് കാര്‍ ഇല്ല. തന്നെ പപ്പു എന്ന് വിളിക്കുന്നവര്‍ ഉള്ളില്‍ ഭയമുള്ളവരാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.