ട്രംപ് പറയുന്നത് ശരിയെങ്കില്‍ പ്രധാനമന്ത്രി രാജ്യതാത്പര്യം  ബലി കഴിച്ചുവെന്ന് രാഹുല്‍ ഗാന്ധി

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറയുന്നത് ശരിയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാത്പര്യം
ബലി കഴിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നീണ്ട ഇടവേളയ്ക്കു ശേഷം മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്.

ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ അവകാശംവാദം തള്ളിയതു കൊണ്ട് കാര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്തൊക്കെയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കാന്‍ മോദി തയ്യാറാകണം. കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥം വഹിക്കാന്‍ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. അത് ശരിയാണെങ്കില്‍ രാജ്യതാത്പര്യത്തെയും 1972- ലെ ഷിംല കരാറിനെയുമാണ് മോദി വഞ്ചിച്ചതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ നേരത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്, വിഷയത്തില്‍ പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് വിവാദ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍, ട്രംപിന്റെ അവകാശവാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.