15 സംസ്ഥാനങ്ങള്‍; 66 ദിവസം, 6713 കിലോമീറ്റര്‍; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ആരംഭിക്കും; കാല്‍നടയാത്ര ഒഴിവാക്കി

രാഹുല്‍ ഗാന്ധി നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. തൗബാലിലെ കോങ്‌ജോംഗ് യുദ്ധ സ്മാരകത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന യാത്രയില്‍ ‘ഇന്ത്യ’ സഖ്യത്തിലെ പത്ത് പാര്‍ട്ടികള്‍ പങ്കാളികളാകും.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം എഡീഷനായ ഭാരത് ജോഡോ ന്യായ് യാത്ര 66 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ നീളുന്നതാണ്. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും രാഹുല്‍ നടത്തുക. യാത്രയിലൂടെ നീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും.

യാത്രുടെ ഉദ്ഘാടന വേദിയായി ആദ്യം തീരുമാനിച്ചിരുന്നത് ഇംഫാലില്‍ ആയിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. യാത്രയ്ക്കിടെ നേതാക്കള്‍ക്ക് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ രാത്രി തങ്ങാന്‍ ആസം സര്‍ക്കാരും അനുമതി നിഷേധിച്ചിരുന്നു.

വിലക്കയറ്റം, തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ മുതല്‍ മണിപ്പൂര്‍ കലാപം വരെ മോദി സര്‍ക്കാരിനെതിരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് രാഹുല്‍ മണിപ്പൂര്‍ മുതല്‍ മഹാരാഷ്ട്ര വരെ യാത്ര നടത്തുന്നത്.