രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെയും ഫോൺ ചോർത്തി

ഇസ്രയേൽ സ്പൈവെയർ “പെഗാസസ്” ഫോൺ ചോർത്തിയവരുടെ പട്ടികയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, വോട്ടെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, പുതിയ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണാവ് എന്നിവരും. “ദി വയർ” നടത്തിയ രണ്ടാമത്തെ സ്ഫോടനാത്മക വെളിപ്പെടുത്തലിലാണ് ഈ വിവരം ഉള്ളത്.

പുതിയ വെളിപ്പെടുത്തലിൽ, രാഹുൽ ഗാന്ധി ഉപയോഗിച്ച കുറഞ്ഞത് രണ്ട് മൊബൈൽ ഫോൺ അക്കൗണ്ടുകളെങ്കിലും ഇസ്രായേലി സർവേലൻസ് സാങ്കേതിക സ്ഥാപനമായ എൻ‌എസ്‌ഒ ഗ്രൂപ്പ് ഇന്ത്യയിലെ ക്ലൈന്റിനു വേണ്ടി ചോർത്തി.

രാഹുൽ ഗാന്ധിയുടെ നമ്പറുകൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന 2018 പകുതി മുതൽ 2019 പകുതി വരെ ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോർട്ട്. “കിടപ്പുമുറിയിലെ സംഭാഷണങ്ങൾ” കേന്ദ്ര സർക്കാർ ചോർത്തുകയായിരുന്നു എന്നാണ് ഈ വർത്തയോടുള്ള കോൺഗ്രസിന്റെ രൂക്ഷമായ പ്രതികരണം.

നിലവിലെ രണ്ട് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, അശ്വിനി വൈഷ്ണാവ് എന്നിവരെയും പെഗാസസ് ലക്ഷ്യമിട്ടെന്ന് “ദി വയർ” റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ചേർന്ന അശ്വിനി വൈഷ്ണാവ് ഐ.ടി മന്ത്രിയാണ്. മന്ത്രിയോ എംപിയോ ആകുന്നതിന് മുമ്പ് 2017ലാണ് ഇദ്ദേഹത്തിന്റെ ഫോൺ ചോർത്തിയത്.

ബിജെപിയുടെ 2014 ലെ പ്രചാരണത്തിൽ വലിയ പങ്കുവഹിച്ച പ്രശാന്ത് കിഷോറിന്റെയും ഫോൺ ചോർത്തിയതായി “ദി വയർ” റിപ്പോർട്ട് ചെയ്തു. ബി.ജെ.പി ക്ക് ശേഷം മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. ബംഗാളിലെ മമത ബാനർജിയുടെയും തമിഴ്‌നാട്ടിലെ എം കെ സ്റ്റാലീന്റെയും വിജയങ്ങളിൽ പ്രശാന്ത് കിഷോർ പങ്കുവഹിച്ചിരുന്നു.