'മിസ്റ്റര്‍ മോദി, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാത്തത്ര ദുര്‍ബലനാണ് നിങ്ങള്‍'; ഇത്തരമൊരു കാര്യത്തില്‍ നിങ്ങളുടെ മൗനം നാരീശക്തിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്ന് രാഹുല്‍ ഗാന്ധി

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി രൂക്ഷവിമര്‍ശനം ഉയരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ നാരിശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് വിമര്‍ശിച്ചു. ‘സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണെന്ന് നിങ്ങള്‍ ഈ സംഭത്തിലൂടെ ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങള്‍ പറയുകയാണെന്നും മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മിസ്റ്റര്‍ മോദി, ഒരു പൊതുവേദിയില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ നിങ്ങള്‍ അനുവദിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണ് നിങ്ങളെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീയോടും നിങ്ങള്‍ പറയുകയാണ്. നമ്മുടെ രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തത്തിന് അവകാശമുണ്ട്. ഇത്തരമൊരു വിവേചനത്തിന് മുന്നില്‍ നിങ്ങളുടെ മൗനം നാരീശക്തിയെക്കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

എക്‌സ് പ്ലാറ്റ്‌ഫോമിലാണ് രാഹുല്‍ ഗാന്ധിയുടെ നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും നേര്‍ക്കുള്ള വിമമര്‍ശനം. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ അംഗമായ പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, താലിബാന്‍ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിലുള്ള നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.’ എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരവും വനിത മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ‘അഫ്ഗാനിസ്ഥാന്‍ പ്രതിനിധി അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ താന്‍ ഞെട്ടിപ്പോയെന്നും തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ ഒഴിവാക്കിയെന്നോ അല്ലെങ്കില്‍ ക്ഷണിച്ചില്ലെന്നോ മനസ്സിലാക്കിയപ്പോള്‍ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകേണ്ടതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.

Read more