രാഹുലും പ്രിയങ്കയും ലഖിംപൂരിൽ എത്തും; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ അനുമതി

ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാനായി രാഹുൽ ​ഗാന്ധിയും പ്രിയങ്കാ​ ഗാന്ധിയും എത്തും. വൈകുന്നേരം നാല് മണിയോടെ ലഖിംപുരിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് എ.ഐ.സി.സി വ്യക്തമാക്കുന്നത്.

രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേർക്കും ലഖിംപൂർ സന്ദർശിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ലഖിംപൂർ സന്ദർശിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സർക്കാരിൻറെ നിലപാട്. അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണുമെന്ന് നിലപാടിൽ ഉറച്ചതോടെ സർക്കാർ തീരുമാനത്തിൽ അയവ് വരുത്തുകയായിരുന്നു.

കൂടുതൽ ആളുകളെ കൂട്ടരുത്, സമാധാനപരമായ രീതിയിലായിരിക്കണം സന്ദർശനം തുടങ്ങിയ വ്യവസ്ഥകളുണ്ട്. ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ​ഗാന്ധി പറഞ്ഞു.

കർഷകരെ ആക്രമക്കുന്ന സർക്കാരിൻറെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്​. കർഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സർക്കാർ കർഷകരുടെ ശക്​തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, കരുതൽതടങ്കലിലുള്ള പ്രിയങ്കാ ഗാന്ധിയെ ഉടൻ മോചിപ്പിക്കുമെന്നാണ് വിവരം. കർഷക കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ചൊവ്വാഴ്ച മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോപണവിധേയനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജി വെയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം.