'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് ബിജെപിയെ വിളിച്ച രാഘവ് ഛദ്ദ അതേ ബിജെപിയിലേക്ക് ചേക്കേറിയതിനെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. ചതിയനെന്നാണ് ധ്രുവ് റാഠി രാഘവിനെ വിളിച്ചത്. കൂറുമാറുമ്പോഴുള്ള അയോഗ്യത പ്രശ്‌നം മറികടക്കുകയും ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്തുകയും ചെയ്യുന്ന നീക്കമാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്നത്. 10 അംഗ രാജ്യസഭാ കക്ഷിയിലെ 7 പേരും ബിജെപിയിലേക്കു മാറുമ്പോള്‍ അയോഗ്യത പ്രശ്‌നമാകില്ലെന്ന് കരുതിയാണ് ഛദ്ദയുടെ ഓപ്പറേഷന്‍ ലോട്ടസ്.

ഇന്ത്യന്‍ രാഷ്ട്രീയത്തെയും സിനിമകളെയും കുറിച്ചുള്ള വീഡിയോകള്‍ നിര്‍മ്മിക്കുന്ന യൂട്യൂബര്‍ ധ്രുവ് രതീ ഇന്‍സ്റ്റാഗ്രാമില്‍ രാഘവിന്റെ തീരുമാനത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. ചതിയന്‍ എന്ന് വിളിക്കുകയും ചെയ്തു.

‘രാഘവ് ഛദ്ദയേക്കാള്‍ വലിയ ഒരു തട്ടിപ്പുകാരനെ നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടാകില്ല. രാഷ്ട്രീയക്കാര്‍ പാര്‍ട്ടികള്‍ മാറിക്കൊണ്ടിരിക്കുന്നു, അത് വലിയ കാര്യമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പൊതുപ്രശ്‌നങ്ങള്‍ ഉന്നയിച്ച് നിരവധി ആളുകളെ വിഡ്ഢികളാക്കുന്ന ഈ വ്യക്തി നടത്തിയ നാടകം അവിശ്വസനീയമാണ്.’

രാഘവ് ആം ആദ്മി പാര്‍ട്ടി വിട്ടതിന്റെ കാരണത്തെക്കുറിച്ച് നടത്തിയ പ്രതികരണത്തേയും റാഠി പരിഹസിച്ചു. അദ്ദേഹം പറയുന്ന ധാര്‍മ്മികതയും തത്വങ്ങളും ബിജെപിയില്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകള്‍ നിറഞ്ഞ ഒരു പാര്‍ട്ടിയാണെന്ന് രാഘവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിന്റെ വീഡിയോയും റാഠി തന്റെ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇ.ഡി. റെയ്ഡിനെയും സിബിഐയെയും ഭയന്നാണ് രാഘവ് ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തെറ്റായ ആരോപണങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാഷ്ട്രീയക്കാരന് ഭയമുണ്ടെങ്കില്‍ അദ്ദേഹം രാഷ്ട്രീയം വിടണമായിരുന്നുവെന്നും അദ്ദേഹത്തിന് കിട്ടിയ പിന്തുണ ഇതോടെ നഷ്ടപ്പെട്ടെന്നും റാഠി ചൂണ്ടിക്കാണിച്ചു. രാഘവിനൊപ്പം ബിജെപിയില്‍ ചേര്‍ന്ന അശോക് മിത്തല്‍ കഴിഞ്ഞകുറച്ച് ആഴ്ചകളായി ഇഡി റെയ്ഡിന് നടുവിലായിരുന്നു.

ഏപ്രില്‍ രണ്ടിന് രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തുനിന്നു രാഘവ് ഛദ്ദയെ ആംആദ്മി പാര്‍ട്ടി നീക്കിയിരുന്നു. ബിജെപിയോടുള്ള രാഘവിന്റെമൃദുസമീപനമാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും നടപടിയെടുക്കാനുളള നീക്കത്തിന് പിന്നില്‍. എന്നാല്‍ നേതൃത്വം നടപടിയെ ന്യായീകരിക്കുന്നതില്‍ ശ്രദ്ധിച്ചപ്പോള്‍ പുറത്തു കടക്കുമ്പോള്‍ പരുക്കേല്‍ക്കാതിരിക്കാനുള്ള സംഖ്യ ഉറപ്പാക്കുകയായിരുന്നു ഛദ്ദ. രാജ്യസഭയില്‍ പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങിനു പുറമേ എന്‍.ഡി.ഗുപ്ത, സന്ത് ബല്‍ബീര്‍ സിങ് എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ എഎപിയില്‍ ശേഷിക്കുന്നത്.

ലോക്‌സഭയിലും എഎപിക്ക് 3 എംപിമാരാണുള്ളത്. നിയമസഭാ കക്ഷിയിലും സമാന പിളര്‍പ്പുണ്ടാക്കാനാകും ഇനി ചദ്ദ പക്ഷത്തിന്റെ നീക്കം.ഭരണഘടനാപരമായി കൂറുമാറ്റം ബാധകമാകാതിരിക്കാനുള്ള വഴികള്‍ അടച്ചാണു ഛദ്ദയും സംഘവും ബിജെപിയിലെത്തുന്നത്. നിയമവഴി ആംആദ്മി തേടിയാല്‍ അയോഗ്യതാ നടപടി ആവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷനു കത്ത് നല്‍കും. കോടതിയില്‍ ഹര്‍ജിയും നല്‍കും