റഫാൽ ഇടപാട്; ഫ്രഞ്ച് കമ്പനി കൈക്കൂലി നൽകിയതിന് തെളിവ് ഉണ്ടായിട്ടും സി.ബി.ഐ അന്വേഷിച്ചില്ല

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാനുള്ള കരാർ ലഭിക്കാൻ ഫ്രഞ്ച് വിമാന കമ്പനിയായ ദസ്സാൾട്ട് ഇടനിലക്കാരന് കൈക്കൂലി നൽകിയതിന്റെ തെളിവുകൾ ലഭിച്ചിട്ടും കേന്ദ്ര ഏജൻസികൾ ഇത് അന്വേഷിച്ചില്ലെന്ന് റിപ്പോർട്ട്. 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാൻ സഹായിക്കുന്നതിന് ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ദസ്സാൾട്ട് ഒരു ഇടനിലക്കാരന് കുറഞ്ഞത് 7.5 ദശലക്ഷം യൂറോ (ഏകദേശം 65 കോടി രൂപ) കൈക്കൂലിയായി നൽകി. എന്നാൽ ഇതിന്റെ രേഖകൾ ലഭിച്ചിട്ടും ഇന്ത്യൻ ഏജൻസികൾ ഇത് അന്വേഷിച്ചില്ല എന്ന് ഫ്രഞ്ച് ന്യൂസ് പോർട്ടൽ മീഡിയപാർട്ട് അവരുടെ പുതിയ റിപ്പോർട്ടിൽ ആരോപിച്ചു. 59,000 കോടി രൂപയുടെ റഫാൽ ഇടപാടിലെ അഴിമതി ആരോപണങ്ങളാണ് മീഡിയപാർട്ട് എന്ന ഓൺലൈൻ ജേണൽ അന്വേഷിക്കുന്നത്.

ആരോപണവിധേയനായ ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് രഹസ്യമായി കമ്മീഷൻ നൽകാൻ ദസ്സാൾട്ട് ഉപയോഗിച്ചു എന്ന് പറയുന്ന വ്യാജ ഇൻവോയ്സുകൾ മീഡിയപാർട്ട് പ്രസിദ്ധീകരിച്ചു. ഈ രേഖകൾ ഉണ്ടായിരുന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ ഈ ഇടപാട് അന്വേഷിക്കേണ്ട എന്ന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒന്നും ഏജൻസികൾ ആരംഭിച്ചില്ലെന്നും മീഡിയപാർട്ട് പറയുന്നു. റഫാൽ വിമാനങ്ങളുടെ വിൽപ്പന ഉറപ്പാക്കാൻ സുഷേൻ ഗുപ്തയ്ക്ക് ദസ്സാൾട്ട് കൈക്കൂലി നൽകിയതിന്റെ തെളിവുകൾ 2018 ഒക്ടോബർ മുതൽ സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പക്കൽ ഉണ്ടായിരുന്നു എന്ന് മീഡിയപാർട്ട് റിപ്പോർട്ടിൽ പറയുന്നു.

അഗസ്ത വെസ്റ്റ്‌ലാൻഡ് വിവിഐപി ഹെലികോപ്റ്ററുകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സിബിഐയും എൻഫോഴ്സ്മെന്റും അന്വേഷിക്കുന്ന അഴിമതിക്കേസിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു.ആരോപിക്കപ്പെടുന്ന കൈക്കൂലിയിൽ ഭൂരിഭാഗവും നൽകിയത് 2013-ന് മുമ്പാണ് എന്നാണ് മീഡിയപാർട്ട് റിപ്പോർട്ട്.

“റഫാൽ പേപ്പറുകൾ” സംബന്ധിച്ച മീഡിയപാർട്ടിന്റെ അന്വേഷണം ഫ്രാൻസിൽ അഴിമതി, സ്വാധീനം ചെലുത്തൽ, പ്രീണനം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ജൂലൈയിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.

ഇന്റർസ്റ്റെല്ലർ ടെക്‌നോളജീസ് എന്ന പേരുള്ള മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത കടലാസ് കമ്പനി വഴി അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് സുഷേൻ ഗുപ്തയ്‌ക്കെതിരെയുള്ള ആരോപണം.അന്വേഷണം സുഗമമാക്കുന്നതിന് കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അയക്കാൻ മൗറീഷ്യൻ അധികൃതർ സമ്മതിച്ചു.

റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച് സി.ബി.ഐക്ക് ഔദ്യോഗിക പരാതി ലഭിച്ച് ഒരാഴ്ച്ച കഴിഞ്ഞാണ് 2018 ഒക്ടോബർ 11ന് സിബിഐക്ക് രേഖകൾ മൗറീഷ്യയിൽ നിന്നും അയച്ചുകിട്ടിയത്. എന്നാൽ, അഴിമതി പരാതി ലഭിച്ച് ഏഴ് ദിവസത്തിന് ശേഷം, കമ്മീഷൻ രഹസ്യമായി നൽകിയിട്ടുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചെങ്കിലും അന്വേഷണം ആരംഭിക്കേണ്ടതില്ലെന്ന് സിബിഐ തീരുമാനിക്കുകയായിരുന്നു.

റഫാൽ ഇടപാടിൽ ദസ്സാൾട്ടിന്റെ ഇടനിലക്കാരനായി സുഷേൻ ഗുപ്തയും പ്രവർത്തിച്ചിരുന്നു എന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഗുപ്തയുടെ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസിന് 2007 നും 2012 നും ഇടയിൽ ഫ്രഞ്ച് ഏവിയേഷൻ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 7.5 മില്യൺ യൂറോ ലഭിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. വ്യക്തമായും ഓവർബിൽ ചെയ്ത ഐടി കരാറുകളിലൂടെ പണത്തിന്റെ ഭൂരിഭാഗവും മൗറീഷ്യസിലേക്ക് തെറ്റായ ഇൻവോയ്‌സുകളുടെ ഒരു സംവിധാനം ഉപയോഗിച്ച് അയ\ക്കുകയായിരുന്നു.

ദസ്സാൾട്ട് കരാർ നേടുന്നതുവരെയുള്ള 2007 – 2012 കാലഘട്ടത്തെ പ്രക്രിയകൾ മൗറീഷ്യൻ രേഖകളിൽ ഉണ്ടെന്ന് മീഡിയപാർട്ട് പറയുന്നു. ഈ കാലയളവിൽ കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. എന്നാൽ 2018 ഒക്ടോബർ 4-ന് സമർപ്പിച്ച പരാതി 2015 മുതൽ നടന്ന സംശയാസ്പദമായ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് കീഴിൽ കരാർ അന്തിമമാകുന്നത്.

2002 മുതൽ 2006 വരെയുള്ള കാലയളവിൽ സുഷേൻ ഗുപ്തയുടെ കടലാസ് കമ്പനിക്ക് 914,488 യൂറോ ലഭിച്ചതായി സിബിഐക്ക് ലഭിച്ച ഇൻവോയ്‌സുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും വ്യക്തമാക്കുന്നു. ദസ്സാൾട്ടും ആരോപണവിധേയനായ ഇടനിലക്കാരനും തുടർന്ന് പണമിടപാടിനായി പുതിയതും കൂടുതൽ അവ്യക്തവുമായ സാമ്പത്തിക മാർഗം സ്ഥാപിച്ചു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഇന്റർദേവ് എന്ന കമ്പനിയിലൂടെ ദസ്സാൾട്ട് ഓവർബിൽ ചെയ്ത ഐടി സേവനങ്ങൾ വാങ്ങാൻ തുടങ്ങി, “ഏഷ്യയിലെ ദസ്സാൾട്ടിന്റെ സിസ്റ്റം ഇന്റഗ്രേറ്റർ” ആയി ആണ് ഇന്റർദേവ് ചിത്രീകരിക്കപ്പെട്ടിരുന്നത്. യഥാർത്ഥ പ്രവർത്തനങ്ങളൊന്നുമില്ലാത്ത ഒരു കടലാസ് കമ്പനിയാണിതെന്നും നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗുപ്ത കുടുംബത്തിലെ പ്രധാനിയായ ഒരാളാണ് ഇത് കൈകാര്യം ചെയ്തതെന്നും മീഡിയപാർട്ട് പറയുന്നു.

ദസ്സാൾട്ടിന്റെ പേരിൽ ചില ഉദ്യോഗസ്ഥർക്ക് താൻ പണം കൈമാറിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച ഒരു രേഖയിൽ സുഷേൻ ഗുപ്ത പറയുന്നുണ്ട്. 2015ൽ റഫാൽ കരാറിന്റെ അന്തിമ ചർച്ചയ്ക്കിടെ സുഷേൻ ഗുപ്തയ്ക്ക് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഇന്ത്യൻ ചർച്ചക്കാരുടെ നിലപാട് വ്യക്തമാക്കുന്ന (പ്രത്യേകിച്ചും വിമാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട) രഹസ്യരേഖകൾ ലഭിച്ചിരുന്നു. സിബിഐയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ലഭിച്ച മറ്റ് രേഖകൾ ഇത് വ്യക്തമാക്കുന്നു. ഈ രേഖകളെ കുറിച്ച് പ്രതികരിക്കാൻ ദസ്സാൾട്ട് വിസമ്മതിച്ചതായി മീഡിയപാർട്ട് പറയുന്നു.