"ആളുകളെ തീയിലിട്ട് കൊല്ലുകയാണോ": ആശുപത്രി സുരക്ഷാ ചട്ടങ്ങളിൽ ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീം കോടതി

കോവിഡിന് ഇടയിൽ ആശുപത്രി കെട്ടിട സുരക്ഷാ നിയമങ്ങൾ ലഘൂകരിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. കോവിഡില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി, ആളുകളെ തീയിലിട്ട് കൊല്ലുകയാണോ എന്ന് ചോദിച്ച കോടതി ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തു.

അടുത്ത വർഷം മാർച്ച് വരെ “ബിൽഡിംഗ് യൂസ് പെർമിഷൻ” ഇല്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ജൂലൈ 8 ലെ ഗുജറാത്ത് ഉത്തരവിൽ പറഞ്ഞിരുന്നു.

“ഗുജറാത്ത് സർക്കാർ അറിയിപ്പ് പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും എതിരാണ്. പകർച്ചവ്യാധികളിൽ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ നമ്മൾ ആളുകളെ തീയിട്ട് കൊല്ലുകയാണ്,” സുപ്രീം കോടതി പറഞ്ഞു.

അഹമ്മദാബാദിലെ ശ്രേ ആശുപത്രിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ തീപിടിത്തത്തിൽ എട്ട് കോവിഡ് രോഗികൾ മരിച്ചിരുന്നു. നവംബറിൽ രാജ്കോട്ടിലെ ഉദയ് ശിവാനന്ദ് ആശുപത്രിയിൽ ആറ് പേർ മരിച്ചു. ഐസിയുവിലാണ് തീ പടർന്നതെന്ന് പൊലീസ് പറഞ്ഞു. മേയിൽ, ബറൂച്ചിലെ മറ്റൊരു ആശുപത്രി തീപിടിത്തത്തിൽ 18 പേർ മരിച്ചു.

തീപിടിത്തത്തിനുശേഷം ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട സുപ്രീം കോടതി, ഈ സംഭവങ്ങൾ ഉണ്ടായിട്ടും ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷാ നിയമങ്ങളിൽ ഇളവ് വരുത്താൻ ശ്രമിച്ചതിന് ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

“30 വർഷത്തിലേറെയായി ആവശ്യമായ അനുമതികളും സുരക്ഷാ നടപടികളുമില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രികളുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന കെട്ടിട നിർമ്മാതാക്കളെ നിരന്തരം വെറുതെ വിടുക മാത്രമാണ് നമ്മൾ ഈ രാജ്യത്ത് ചെയ്യുന്നത്,” ജഡ്ജിമാർ പറഞ്ഞു.

“ഐ.സി.യു- കളുടെ അവസ്ഥ നിങ്ങൾ കണ്ടിട്ടുണ്ടോ? 7-8 കിടക്കകൾ ചെറിയ മുറികളിൽ. ഞങ്ങൾ ഐ.സി.യു സംബന്ധിച്ച് ഒരു ഉത്തരവും നൽകുന്നില്ല, കാരണം നമ്മൾ ഇപ്പോൾ ഉള്ളത് ഒരു അടിയന്തര സാഹചര്യത്തിലാണ്. ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, 80 ശതമാനം ഐസിയുകളും അടച്ചുപൂട്ടേണ്ടിവരും.” ജസ്റ്റിസ് എം ആർ ഷാ ഗുജറാത്ത് സർക്കാർ അഭിഭാഷകനോട് പറഞ്ഞു.

ഇത്തരം അനധികൃത കെട്ടിടങ്ങൾ അനുവദിക്കാൻ സർക്കാരിന് കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഊന്നിപ്പറഞ്ഞു. “സർക്കാർ ഇത്തരം അനധികൃത കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. അഞ്ച് നിലകളുള്ളതും ലിഫ്റ്റുകളില്ലാത്തതും ശരിയായ എക്സിറ്റുകളില്ലാത്തതുമായ നഴ്സിംഗ് ഹോമുകൾ അനുവദനീയമല്ല. നമ്മൾ ഇത്തരം സ്വാതന്ത്ര്യം നൽകുന്നത് അപകടകരമായ സ്ഥാപനങ്ങൾ തുടരാൻ കാരണമാകും,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

“ഇന്ത്യൻ സമൂഹത്തിലെ എല്ലാ അസുഖങ്ങളും ഭേദമാക്കാൻ ഞങ്ങൾക്ക് കഴിയില്ല, എന്നാൽ നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ ന്യായാധിപന്മാർ എന്ന നിലയിൽ ഞങ്ങളാൽ കഴിയുന്നത് എല്ലാം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്നി സുരക്ഷ പാലിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവ് വരുത്തുന്നതല്ല വിജ്ഞാപനമെന്ന് ഗുജറാത്ത് സർക്കാർ പറഞ്ഞു. എന്നാൽ ബിൽഡിംഗ് യൂസ് പെർമിഷനുകൾ തുല്യ പ്രാധാന്യമുള്ളതാണെന്ന് കോടതി ഊന്നിപ്പറയുകയും പല ആശുപത്രികൾക്കും ഇതുവരെ അത് ലഭിക്കാത്തത് ഭയാനകമാണെന്നും സുപ്രീം കോടതി പറഞ്ഞു.

“പകർച്ചവ്യാധിയെ മറയാക്കികൊണ്ട് കെട്ടിട നിർമ്മാതാക്കൾക്ക് ആനുകൂല്യം നൽകുകയാണ്. ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് നഗര ആസൂത്രണവും കെട്ടിട ഉപയോഗ നിയമങ്ങളും ഉണ്ടാക്കിയത്. നമ്മൾ അത് അനുസരിക്കണം. “ബിൽഡിംഗ് യൂസ് പെർമിഷൻ” ഇല്ലാതെ 38 വർഷമായി ആരെങ്കിലും ഒരു നഴ്സിംഗ് ഹോം നടത്തുന്നു എങ്കിൽ ഗുജറാത്ത് സർക്കാരിന്റെ വിജ്ഞാപനം വലിയ ക്രമക്കേടുകൾ അംഗീകരിക്കുന്നതിന് തുല്യമാണ്, അത് പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും എതിരാണ്,” രണ്ടംഗ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

“ഈ ആശുപത്രികൾ കോവിഡ് സമയത്ത് ദശലക്ഷക്കണക്കിന് സമ്പാദിച്ചു. ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് നഷ്ടപരിഹാരം നൽകാനാകുമോ?” എന്ന് തീപിടുത്തത്തിന്റെ ഇരകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയോട് അഭ്യർത്ഥിച്ചു. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.