'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

ബെംഗളൂരുവിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധം. ബെംഗളൂരുവിൽ സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കുമെന്ന് സിജെപി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം പ്രകാശ് രാജും എക്സിലൂടെ സ്ഥിരീകരിച്ചു.

‘ഈ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ഞാൻ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയാണ്. സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ദയവായി ഞങ്ങളോടൊപ്പം ചേരുക’ പ്രകാശ് രാജ് എക്സിൽ കുറിച്ചു. നേരത്തെ ഡൽഹിയിൽ നടന്ന കോക്റോച്ച് ജനത പാർട്ടി പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുത്തേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ തിരക്ക് കാരണം വരാൻ കഴിയില്ലെന്ന് പ്രകാശ് രാജ് അറിയിക്കുകയായിരുന്നു.

Read more

കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് സിജെപിയുടെ രാജ്യവ്യാപക പ്രതിശേഷം. ഇതിന്റെ ഭാഗമായാണ് ബെംഗളൂരുവിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജൂൺ ആറിന് ദില്ലിയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് പിന്നാലെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി ആഹ്വാനം ചെയ്യുകയായിരുന്നു. ജൂൺ 11ന് പൂനെയിലും 12ന് ലഖ്നൗവിലും 13ന് അമൃത്സറിലും പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ന് രാവിലെ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് പങ്കെടുത്തേക്കും.