"സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങള്‍ ഉണ്ടാകും": കുട്ടിക്കളി പാടില്ലെന്ന് ബി.ജെ.പി നേതാക്കളോട് മോദി

പാർലമെന്റിൽ ഹാജരാകാത്ത അല്ലെങ്കിൽ ക്രമമായി ഹാജരാകാത്ത ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. “സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും” എന്നാണ് മോദിയുടെ മുന്നറിയിപ്പെന്ന് വൃത്തങ്ങൾ അറിയിച്ചു.

തന്റെ പാർട്ടി എംപിമാരോടും മന്ത്രിമാരോടും അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കണമെന്നും അനവസരത്തിൽ അഭിപ്രായങ്ങൾ പ്രകടനം നടത്തരുതെന്നും പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പു നൽകി. “കുട്ടികളെപ്പോലെ” പെരുമാറരുതെന്നും ബിജെപി നേതാക്കളെ പ്രധാനമന്ത്രി ഉപദേശിച്ചു എന്നാണ് റിപ്പോർട്ട്.

“ദയവായി പാർലമെന്റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. ഇക്കാര്യം എപ്പോഴും കുട്ടികളോടെന്ന പോലെ പറയാൻ ഇടവരുത്തരുത്. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ, സമയബന്ധിതമായി മാറ്റങ്ങൾ ഉണ്ടാകും,” ഇന്ന് ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ഒപ്പമുണ്ടായിരുന്നു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങളെ ബിജെപി അഭിമുഖീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ശനിയാഴ്ച നാഗാലാൻഡിലെ മോൺ ജില്ലയിൽ നടന്ന സൈനിക ഓപ്പറേഷനിൽ 14 സിവിലിയൻമാർ കൊല്ലപ്പെട്ടതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭരണകക്ഷി പ്രതിരോധത്തിലായിരിക്കുന്നത്.

ഈ സമ്മേളനത്തിൽ നിന്നും 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിലും സർക്കാർ പ്രതിപക്ഷ രോഷം നേരിടുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിൽ അരാജകത്വം സൃഷ്ടിച്ചു എന്ന് ആരോപിച്ചാണ് എംപിമാരെ സസ്പെൻഡ് ചെയ്തത്.

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 29 ന് ആരംഭിച്ചു, ഡിസംബർ 23 വരെ തുടരും, എന്നാൽ ഇരുസഭകളും ഇതുവരെ ആവർത്തിച്ച് നിർത്തിവെയ്ക്കപ്പെട്ടിരുന്നു.