മുഖ്യമന്ത്രിമാര്‍ വാഴാത്ത ഉത്തരാഖണ്ഡ്; ചരിത്രത്തിന് മുന്നില്‍ കീഴടങ്ങി പുഷ്‌കര്‍ സിംഗ് ധാമിയും

മുഖ്യമന്ത്രിമാര്‍ വാഴില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് ഉത്തരാഖണ്ഡ്. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പുഷ്‌കര്‍ സിങ് ധാമി കോണ്‍ഗ്രസിന്റെ ഭുവന്‍ കാപ്രിയോട് 6000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്.

വോട്ടിങ്ങ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ മുന്നിട്ട് നിന്ന ധാമിക്ക് പിന്നീട് ഈ ലീഡ് നിലനിര്‍ത്താനായില്ല. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയുടെ കീഴിലെ ഖത്തിമ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ധാമി ജനവിധി തേടിയത്. പുഷ്‌കര്‍ സിംഗ് ധാമി മൂന്നാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം ഈ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലുള്ളതാണ് . മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ഹരീഷ് റാവത്ത് 2017 ല്‍ ഉദ്ദം സിംഗ് നഗര്‍ ജില്ലയിലെ കിച്ച മണ്ഡലത്തില്‍ നിന്നും ഹരിദ്വാര്‍ ജില്ലയിലെ ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തില്‍ നിന്നുമാണ് ഹരീഷ് ജനവിധി തേടിയത്. എന്നാല്‍ രണ്ടിടത്തും വന്‍ തോല്‍വിയാണ് ഹരീഷിനെ കാത്തിരുന്നത്. 2012 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു.