സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങളുമായി പിഎസ്എൽവി ബഹിരാകാശത്തേക്ക്; പിഎസ്എൽവി സി 56 വിക്ഷേപിച്ചു

പിഎസ്എൽവി 56 ഇന്ന് പുലർച്ചെ വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം.പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിലൂടെ ഇത്തവണ ബഹിരാകാശത്തേക്ക് അയക്കുന്നത് സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ്.ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്.

സിംഗപ്പൂർ ഡിഫൻസ് സ്പേസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ DS-SAR ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. മറ്റ് ആറ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. 352 കിലോഗ്രാം ഭാരമുണ്ട് DS-SAR എന്ന റഡാർ ഉപഗ്രഹത്തിന്.

ഇരുപത്തിനാല് കിലോഗ്രാം ഭാരമുള്ള ആർക്കേ‍ഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്സ് എഎം, നാല് കിലോഗ്രാം മാത്രം ഭാരമുള്ള സ്കൂബ് ടു, എന്നീ ഉപഗ്രഹങ്ങൾ സിംഗപ്പൂർ സാങ്കേതിക സർവകലാശാലയുടേതാണ്. സിംഗപ്പൂർ ദേശീയ സർവകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം.

നു സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ നു ലിയോണും, അലേന പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന് ഓർബ് 12 സ്ട്രൈഡറുമാണ് മറ്റ് ഉപഗ്രഹങ്ങൾ. വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനുട്ട് പിന്നിട്ടതോടെ പ്രധാന ഉപഗ്രഹമായ ഡിഎസ് സാർ റോക്കറ്റിൽ നിന്ന് വേർപ്പെട്ടു. ഇരുപത്തിനാല് മിനുട്ട് കഴിഞ്ഞപ്പോൾ അവസാന ചെറു ഉപഗ്രഹവും റോക്കറ്റിൽ നിന്ന് വേർപ്പെട്ടു.