കർണാടകയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദൾ അംഗത്തിന്റെ കൊലപാതകത്തിൽ കർണാടകയിലെ ശിവമോഗ പട്ടണത്തിൽ സംഘർഷം പടരുന്നതിനിടെ വാഹനങ്ങൾക്ക് തീയിടുകയും ഒറ്റപ്പെട്ട കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ബജ്‌റംഗ്ദൾ അംഗമായ 26കാരൻ ഹർഷയെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാതർ കുത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് ശേഷം പ്രദേശത്തെ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് കനത്ത സേനയെ വിന്യസിച്ചു. ഭരണകൂടം പൊതുയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിടുകയും ചെയ്തു. നിയന്ത്രണങ്ങൾ വകവയ്ക്കാതെ ബജ്റംഗ്ദൾ അനുകൂലികളുടെ ഒരു വലിയ ജനക്കൂട്ടം യുവാവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അനുഗമിച്ചു.

ഇതുവരെയുള്ള അന്വേഷണത്തിൽ കൊലപാതകവും ഹിജാബ് വിവാദവും തമ്മിൽ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. “ഹിജാബ് വിഷയത്തിന് ഈ സംഭവവുമായി ബന്ധമില്ല. വ്യത്യസ്ത കാരണത്താലാണ് ഇത് സംഭവിച്ചത്. ശിവമോഗ പെട്ടെന്നുപ്രതികരിക്കുന്ന ഒരു നഗരമാണ്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന് ചില സൂചനകൾ കിട്ടിയിട്ടുണ്ടെന്നും അവർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ പറഞ്ഞു.

എന്നാൽ, ഹിജാബ് പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് നടത്തിയ പരാമർശങ്ങളിലൂടെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കർണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ ആരോപിച്ചു.