കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ പ്രതിഷേധം ; ഇന്ന് രാജ്യവ്യാപക പണിമുടക്ക്

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശവ്യാപക പണിമുടക്ക് ഇന്ന്. അവശ്യസേവനങ്ങള്‍ക്ക് മാത്രമെ കെഎസ്ഇബി ജീവനക്കാര്‍ എത്തുകയുള്ളൂ. നാഷ്ണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

സ്വകാര്യ കമ്പിനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുവാദം നല്‍കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് തൊഴിലാളി സംഘടനകകള്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധ നിരയിലുണ്ട്. കേരളത്തിലും വൈദ്യുതി ഉല്‍പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് തുടങ്ങിയ ജോലികള്‍ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങള്‍ മാത്രം ലഭ്യമാകുകയുള്ളൂ. സെഷന്‍ ഓഫീസുകളും ഡിവിഷന്‍ ഓഫീസുകളും കേന്ദ്രീകരിച്ച് ധര്‍ണ സംഘടിപ്പിക്കും.

ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ വിതരണ ഏജന്‍സികള്‍ക്ക് വൈദ്യുതി വിതരണ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു.