ബിജെപി യോ​ഗത്തിനെതിരെ പ്രതിഷേധം; ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്, നിരവധി പേർക്ക് പരിക്ക്

ഹരിയാണയിലെ കര്‍ണാലില്‍ കര്‍ഷകര്‍ക്ക് നേരേ പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്. പത്തിലേറെ കര്‍ഷകര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ച ബിജെപി നേതാക്കളുടെ യോഗത്തിനെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തിന് പിന്നാലെ നിരവധി കര്‍ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു.

കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. വരുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ യോഗം ചേർന്നത്.

യോ​ഗം അറിഞ്ഞെത്തിയ കർഷകർ ഉപരോധവുമായി രം​ഗത്തെത്തിയതോടെ പൊലീസ് ബലം പ്രയോ​ഗിച്ച ഒഴിപ്പിക്കുകയായിരുന്നു. പൊലീസ് നടപടി മൃഗീയമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.